Monday, February 10, 2020

പാൽപ്പായസം

സ്നേഹം മധുരമാണ്. യാത്രയിൽ അപ്പുവിന്റെ ഓർമ്മയിൽ നിറഞ്ഞതു മുഴുവനും സ്നേഹത്തിൽ ചാലിച്ച പാൽപ്പായസമായിരുന്നു.
കഥയിങ്ങനെ
അപ്പുവിന് എട്ടു വയസ്സുള്ളപ്പോഴാണ് ചെറിയമ്മയുടെ മകന്റെ കല്യാണം. തലേ ദിവസം രാത്രി തന്നെ കല്യാണവീട്ടിലെത്തി. യാത്രയിലെ തണുത്ത കാറ്റും ബാലാരിഷ്ടതകളുടെ കടാക്ഷം ധാരാളമായുള്ളതിനാലാവാം രാത്രി കുറെശ്ശെ പനി തുടങ്ങി. അസുഖമുണ്ടെന്നറിഞ്ഞാൽ കൊണ്ടുപോയില്ലെങ്കിലോ എന്നു കരുതി ആരോടും പറയാതെ നേരത്തെ ഊണു കഴിച്ച് ഉറങ്ങാൻ കിടന്നു. തിരക്കായതിനാൽ ആരും ശ്രദ്ധിച്ചതുമില്ല. രാവിലെ കുളിച്ചൊരുങ്ങി കല്യാണപ്പാർട്ടിയോടൊപ്പം യാത്ര തുടങ്ങുമോഴെക്കും ക്ഷീണം കൂടി വരുന്നതായി തോന്നിയിരുന്നു. അവിടെയെത്തുമ്പോഴെക്കും വാടിയ ചേമ്പിൻ തണ്ടു പോലെയായി. മണ്ഡപത്തിലെത്തു മ്പോഴെക്കും തീർത്തും അവശനായിക്കഴിഞ്ഞിരുന്നു. സ്വതവേ ദേഷ്യക്കാരനാണെങ്കിലും ആരേയും ഒന്നുമറിയിക്കാതെ അച്ഛൻ അപ്പുവിനെ മേക്കപ്പ് റൂമിൽകൊണ്ടു കിടത്തി. കട്ടിലിൽ ചുരുണ്ടു കിടക്കുമ്പോൾ താഴെ കല്യാണ ഘോഷങ്ങളിൽ ചേരാനാവാത്തതിന്റെ ദുഃഖം കണ്ണീരായാണ് പുറത്തു വന്നത്. തിരക്കുകൾക്കിടയിൽ നിന്നും അച്ഛൻ ഇടക്കിടക്ക് ഓടി വന്ന് കൂട്ടിരിക്കും. ആരേങ്കിലും അന്വേഷിച്ചാൽ വീണ്ടും അപ്പു തനിച്ചാവും.
ഉച്ചയൂണിന്റെ ബഹളം നേർത്തു തുടങ്ങി. അച്ഛൻ വീണ്ടുമെത്തി
'അപ്പുവിന് ഊണ് കഴിക്കണോ ഇങ്ങോട്ടുകൊണ്ടു വരാം'
വേണ്ട. കയക്കുന്നു. വയറു വേദനിക്കുന്നുമുണ്ട് - അപ്പുവിന്റെ ആവലാതി.
അച്ഛൻ തിരക്കിലേക്ക് തിരിച്ചു പോയി.
അധികം താമസിയാതെ എന്തോ കാര്യത്തിനായി ചെറിയമ്മ റൂമിൽ വന്നു. അപ്പുവിന്റെ വയ്യായ്ക അപ്പോഴാണ് അറിഞ്ഞത്. കട്ടിലിൽ കൂടെയിരുന്ന് ചോദിച്ചു ' അപ്പുവിനെന്താ കഴിക്കാൻ വേണ്ടത് ?'
ഒന്നും വേണ്ട
ഒന്നും കഴിക്കാഞ്ഞാൽ വയ്യാണ്ടാവില്ലെ? കുറച്ചെന്തെങ്കിലും കഴിക്കണം' സ്നേഹത്തോടെയുള്ള നിർബന്ധം
എന്നാ എനിക്കിത്തിരി പായസം തരോ ? മടിച്ചു മടിച്ച് അപ്പുവിന്റെ മോഹം.
ചെറിയമ്മ തിരിച്ചെത്തിയത് വലിയൊരു ഗ്ലാസിൽ പായസവുമായാണ് . കുറച്ചു കഴിച്ചപ്പോഴേക്കും കഴിച്ചതിലേറെ വേഗത്തിൽ ശർദ്ദിച്ചവശനായി.
പനിക്കു പട്ടിണി നാളെക്ക് എല്ലാം ശരിയാവും അച്ഛന്റെ സാന്ത്വനം. ഒരു വിധം വീട്ടിലെത്തിച്ചേർന്നു.

അടുത്ത തവണത്തെ അവധിക്ക് ചെറിയമ്മയുടെ അടുത്തേക്ക് വീണ്ടും . രാത്രി ഊണു വിളമ്പി ചെറിയമ്മ അടുത്തിരുന്നു.
'അപ്പൂന് വേണ്ടി പാൽപ്പായസം ഉണ്ടാക്കീട്ടുണ്ട്. അന്നത്രയും മോഹിച്ചതല്ലേ?'
ഇപ്പോഴും അതെല്ലാം ഓർമ്മിച്ചുവെച്ചിരിക്കുന്നു. അതൊരു തുടക്കമായിരുന്നു. പിന്നീട് എപ്പോഴെല്ലാം അവിടെപ്പോയിട്ടുണ്ടോ അപ്പോഴെല്ലാം ഓർമ്മപുതുക്കലായ് പാൽപ്പായസം കരുതിയിട്ടു ണ്ടാവും. കാലം കഴിയുന്തോറും സന്ദർശനങ്ങൾക്കിടയിലെ ദൂരം കൂടി വന്നു. എങ്കിലും പാൽപ്പായസത്തിനുമാത്രം മാറ്റമില്ലാതായി.

ചില സ്നേഹങ്ങൾ അങ്ങിനെയാണ്. അറിയാതെയും പറയാതെയും നമ്മളിൽ നിറയും.

*******
ഒരു നനുത്ത മഴച്ചാറലിൽ ചെറിയമ്മയുടെ സംസ്കാര ചടങ്ങുകൾ അവസാനിച്ചപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. അറിയാതെ കാലുകൾ അടുക്കള ഭാഗത്തേക്ക് . സ്നേഹം മധുരത്തോടൊപ്പം ധാരാളം ചേർത്ത് തയ്യാറാക്കുന്ന പാൽപ്പായസത്തിന്റെ ഓർമ്മയിൽ .

ഇനിയൊരിക്കലും പാൽപ്പായസത്തിന് അത്ര സ്വാദുണ്ടാവാനിടയില്ല. യാത്ര തുടരുകയാണ്. നാവിൽ നിറഞ്ഞ സ്നേഹത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ ബാക്കിയാക്കി.

സമർപ്പണം - സ്നേഹനിധിയായ ഭാരതി ഓേപ്പോൾക്ക് .

No comments: