Saturday, April 23, 2011

ഏകലവ്യന്‍മാര്‍ ഉണ്ടാവുന്നത്‌

രുചിയാര്‍ന്ന പ്രാതലും ഏറിവരുന്ന വെയിലിണ്റ്റെ കാഠിന്യവും പകര്‍ന്ന ആലസ്യവുമായി അര്‍ജ്ജുനന്‍ അഭ്യാസക്കളരിയിലേക്ക്‌ നടന്നു.അക്ഷമയോടെ കാത്തുനില്‍ക്കുന്ന ദ്രോണരുടെ രൂപം ആലസ്യം മാറ്റിയെങ്കിലും പ്രതലിണ്റ്റെ ഏറ്റം അര്‍ജ്ജുനനെ അല്‍പം തളര്‍ത്തിയിരുന്നു.

പതിവുപോലെ ദ്രോണരെ വണങ്ങി അസ്ത്രശാസ്ത്രത്തിണ്റ്റെ പുതിയ പാഠങ്ങള്‍ക്ക്‌ കാതോര്‍ക്കുമ്പോഴും, തന്നിലും കേമനായ ഒരു വില്ലാളി ലോകത്തുണ്ടാവില്ലന്ന ഗുരു വചനം മനസ്സില്‍ മുളപ്പിച്ച ഒരു ചെറു അഹന്ത നിറഞ്ഞ മനസ്സുമായി യാന്ത്രികമായി അഭ്യാസം തുടരുന്ന അര്‍ജ്ജുനന്‍.

ആദ്യമായി അഭ്യസിച്ച പാഠങ്ങള്‍ പ്രയോഗിക്കാന്‍ നായാട്ടിനിറങ്ങുമ്പോള്‍ തണ്റ്റെ പ്രാവീണ്യം സഹോദരന്‍മാര്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിച്ച്‌ അവരെ അദ്ഭുതപ്പെടുത്തണമെന്ന്‌ ആദ്യമേ മനസ്സില്‍ കണക്കാക്കിയിരുന്നു. കാടിളക്കി മൃഗങ്ങളെ കാട്ടിത്തരുന്ന വഴികാട്ടികളായ വേട്ട നായ്ക്കളുടെ പുറകെ ശരവര്‍ഷവുമായി മുന്നേറിയ നായാട്ടിനൊടുവില്‍ അമ്പുകളാല്‍ മുഖം തുന്നിക്കൂട്ടിയ ദൈന്യവുമായി തിരിച്ചുവന്ന വേട്ട നായുടെ പിറകെയെത്തിയ കാടിണ്റ്റെ പുത്രന്‍.

തിരിച്ചെത്തിയ പ്രിയ ശിഷ്യണ്റ്റെ വീരകഥകള്‍ക്കായി കാതോര്‍ത്തിരുന്ന ദ്രോണരുടെ മുമ്പിലേക്ക്‌ കുനിഞ്ഞ ശിരസ്സും പരാജിതണ്റ്റെ കണ്ണുമായി അര്‍ജ്ജുനന്‍. ദ്രോണ ശിഷ്യനെന്നവകാശപ്പെട്ട ഒരു കാട്ടുജാതിക്കാരണ്റ്റെ വീര കഥകള്‍ കുട്ടികള്‍ വിശദമായി പറഞ്ഞപ്പോള്‍ അത്ഭുതം കൂറിയത്‌ ദ്രോണരായിരുന്നു. വേദാധ്യായനം വെടിഞ്ഞ്‌ ശസ്ത്രവിദ്യ അഭ്യസിപ്പിക്കന്‍ തുടങ്ങിയത്‌ ഹസ്തിനപുരിയില്‍ വന്നതിനു ശേഷം മാത്രമാണ്‌. അതും ഭീഷ്മരുടെ ഇംഗിതപ്രകാരം. ഹസ്തിനപുരിയിലെ രാജകുമാരന്‍മാരെയല്ലാതെ മറ്റാരേയും ദ്രോണര്‍ അസ്ത്രവിദ്യ അഭ്യസിപ്പിച്ചിട്ടില്ല. ഇപ്പോള്‍ തണ്റ്റെ ശിഷ്യനെന്നവകാശപ്പെട്ട്‌ ഒരാള്‍ അതും ഒരു കാട്ടു ജാതിക്കാരന്‍ തണ്റ്റെ അരുമ ശിഷ്യനെ നിസ്തേജനാക്കി കാട്ടില്‍ വിഹരിക്കുന്നു.

അര്‍ജ്ജുനനോടൊപ്പം വനത്തിലെത്തിയ ദ്രോണര്‍ക്ക്‌ കുറച്ചധികം അന്വേഷിക്കേണ്ടിവന്നു ഏകലവ്യനെ കണ്ടെത്താന്‍. ഗുരു തന്നെത്തിരഞ്ഞ്‌ എത്തിയതിണ്റ്റെ അതിരറ്റ സന്തോഷവുമായി ഏകലവ്യന്‍ ഒരു തീണ്ടാപ്പടകലെ നീണ്ടു നമസ്കരിച്ചു. അര്‍ജ്ജുനണ്റ്റെ തളര്‍ന്ന മുഖവും ഏകലവ്യണ്റ്റെ പ്രൌഢ ഭാവവും ദ്രോണരുടെ മുഖത്തെ പതിവിലും ഗൌരവമുള്ളതാക്കി. മനസ്സില്‍ ദ്രോണരെ ഗുരുവായി വരിച്ച്‌ ദൂരെനിന്ന്‌ നോക്കിപഠിച്ച്‌ കാടിണ്റ്റെ നിഗൂഢതയില്‍ സാധകം ചെയ്ത്‌ കരഗതമാക്കിയ വിദ്യ. എന്നെങ്കിലും ഗുരുവിനുമുമ്പില്‍ കാഴ്ചവെക്കാനായി കാത്തിരുന്ന ആ സുദിനം ഒട്ടും പ്രതീക്ഷിക്കാതെ ആഗതമായിരിക്കുന്നു. തണ്റ്റെ വാക്കുപാലിക്കാന്‍ ഒരിക്കല്‍പ്പോലും കാണുകപോലും ചെയ്യാത്ത ഒരു നിഷ്കളങ്ക ബാലണ്റ്റെ പെരുവിരല്‍ ഗുരുദക്ഷിണയായി മുറിച്ചുവാങ്ങി. ഭയം നീങ്ങിയ അര്‍ജ്ജുനണ്റ്റെ കണ്ണുകള്‍ അപ്പോഴും നിലത്ത്‌ പിടയുന്ന വിരലില്‍ത്തന്നെയായിരുന്നു. യോദ്ധാവിന്‌ വിജയമാശംസിക്കാതെ ദീര്‍ഘായുസ്സു നേര്‍ന്ന്‌ ദ്രോണര്‍ തിരിഞ്ഞു നടന്നു. പിന്നില്‍ ആശ്വാസത്തൊടെ അര്‍ജ്ജുനനും.

പുലരും മുമ്പ്‌ എഴുന്നേറ്റ്‌ നിത്യവൃത്തികള്‍ പൂര്‍ത്തിയാക്കി ഹസ്തിനപുരിയിലെ രാജകുമാരന്‍മാരുടെ അഭ്യാസകളരിയുടെ കാണാപ്പടകലെ ശ്രദ്ധയോടെ പഠിച്ച പാഠങ്ങള്‍ എന്നെങ്കിലും ഗുരു സമക്ഷം പ്രദര്‍ശിപ്പിക്കാനാവുമെന്ന്‌ ഒരിക്കലും ഏകലവ്യന്‍ കരുതിയിരുന്നില്ല. കത്തുന്ന വയറിനും അതിലേറെ തളര്‍ത്തുന്ന വെയിലിനും ഏകലവ്യണ്റ്റെ ശ്രദ്ധയെ തെല്ലും കുറക്കാനായില്ല. അതേ മനസ്സുതന്നെയാവാം തണ്റ്റെ വിദ്യയുടെ പൂര്‍ണ്ണതയെ ഗുരുദക്ഷിണയായി സമര്‍പ്പിച്ചപ്പോഴും ഒരിറ്റു കണ്ണീര്‍ വീഴാനിടയാവാഞ്ഞത്‌. ചോരയിറ്റുവീഴുന്ന കൈയുമായി ഏകലവ്യന്‍ ദ്രോണര്‍ നടന്നുമറയുന്നതും നോക്കി നിന്നു.

***

ഇന്നേങ്കിലും ക്ളാസ്സ്‌ ഉണ്ടാവണേ എന്നു പ്രാര്‍ത്ഥിച്ചാണ്‌ രമേശന്‍ ഉറക്കമുണര്‍ന്നത്‌. ആറ്റുനോറ്റ്‌ സംഗീതം പഠിക്കാന്‍ തുടങ്ങിയതാണ്‌. പ്രാരാബ്ധങ്ങളുടെ നിത്യ സംഗീതത്തിനിടക്ക്‌ ഒരു നിമിഷം പോലും സമാധാനമായിക്കഴിയാന്‍ രമേശനായിട്ടില്ല. പ്രായം ഏതാണ്ട്‌ നാല്‍പ്പതിനോടടുത്തപ്പോള്‍ തണ്റ്റെ കൂടെയുള്ളവരെല്ലാം അവരവരുടെ വഴിതേടിപ്പോയപ്പോള്‍ രമേശന്‍ മാത്രം ബാക്കിയായി. തിരക്കിനിടക്ക്‌ ആര്‍ക്കും വിളിക്കാനും കാണാനുമൊന്നും നേരമില്ലാതായതോടെ രമേശനു സമയവും ധാരാളമായി. അപ്പോഴാണ്‌ കുട്ടിക്കാലത്ത്‌ ഏറ്റവും വലിയ മോഹം ഒന്നു പരീക്ഷിച്ചാലോ എന്നോരു തോന്നല്‍. പരിചിതരുടെ പരിഹാസം ഒഴിവാക്കാന്‍ അല്‍പം ദൂരെ ഒരു ഭാഗവതരെ കണ്ടെത്തി.

ആദ്യ ദിവസം ദക്ഷിണ നല്‍കി നമസ്ക്കരിച്ച്‌ ശിഷ്യനായി. പരിചയപ്പെടലും ഉപദേശങ്ങളും പഠനരീതിയേക്കുറിച്ചുള്ള വിവരണങ്ങളും കഴിഞ്ഞപ്പോഴേക്കും അന്നത്തെ സമയം തീര്‍ന്നു. പിന്നീട്‌ മൂന്നു മാസത്തിനിടക്ക്‌ ഒരു ദിവസം മാത്രമാണ്‌ ഭാഗവതര്‍ക്ക്‌ സൌകര്യം കിട്ടിയുള്ളു.

ഓരോ ഞായറാഴ്ചയും രാവിലെ ഭാഗവതരുടെ ഫോണ്‍ വരരുതേ എന്നു പ്രാര്‍ത്ഥിച്ചാണ്‌ രമേശന്‍ എഴുന്നേല്‍ക്കാറുള്ളത്‌. എങ്കിലും അധികവും പത്തുമണിക്കു മുമ്പുതന്നെ ഭാഗവതരുടെ ഘന ശബ്ദം രമേശിനെത്തേടിയെത്തും.തീരെ ഒഴിവാക്കാന്‍ വയ്യാത്ത ചില തിരക്കുകള്‍ ഉള്ളതിനാല്‍ അന്ന്‌ വരേണ്ടെന്നും, കഴിഞ്ഞ ക്ളാസ്സിലെടുത്തത്‌ കൃത്യമായി ദിവസവും സാധകം ചെയ്യണമെന്ന ഓര്‍മ്മപ്പെടുത്തലോടെ അന്നത്തെ ക്ളാസ്സ്‌ അവസാനിക്കും. വരാനിരിക്കുന്ന ക്ളാസ്സില്‍ എടുക്കാന്‍ പോവുന്ന പാഠങ്ങള്‍ വായിച്ച്‌ ആദ്യ ക്ളാസ്സിണ്റ്റെ സാധകവുമായി ഒരാഴ്ചകൂടി അവസാനിക്കുന്നു.

അങ്ങിനെ കുറേ കാലത്തെ കാത്തിരിപ്പിനു ശേഷം രമേശന്‍ സ്വന്തമായി സംഗീതമഭ്യസിച്ചുതുടങ്ങി. എന്നേങ്കിലും ഒരിക്കല്‍ പൂര്‍ത്തിയായേക്കവുന്ന വിദ്യയുടെ പൂര്‍ണ്ണത തേടി.

കാലപ്രയാണത്തില്‍ വീണ്ടും അനവധി ഏകലവ്യന്‍മാരുണ്ടായി. ഗുരുവിനെത്തേടി നടന്ന്‌ തിരസ്കൃതരാവുമ്പോള്‍ സ്വയം വിദ്യ അഭ്യസിക്കുന്നവര്‍.പക്ഷെ സ്വാര്‍ത്ഥതയുടെ പ്രതിരൂപങ്ങള്‍ക്ക്‌ ഗുരുദക്ഷിണയായി സ്വയം ആര്‍ജ്ജിച്ച വിദ്യ അടിയറവെക്കാന്‍ തയ്യാറല്ലാത്ത പുതു തലമുറയിലെ ഏകലവ്യന്‍മാര്‍ അവരുടെ പ്രാവീണ്യം ഒരിക്കലും ഗുരുവിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയോ മനസ്സാല്‍ വരിച്ച്‌ ഗുരുവാരെന്ന്‌ വെളിപ്പെടുത്തുകയോ ചെയ്യുന്നില്ല. അറ്റുപോയ തള്ളവിരലിണ്റ്റെ അര്‍ത്ഥം അവര്‍ നല്ലപോലെ തിരിച്ചറിയുന്നു.