Tuesday, June 30, 2020

ഓർമ്മചിത്രങ്ങൾ - ബാബു നാരായണൻ (സംവിധായകൻ)



ഇന്ന് ബാബുവേട്ടൻ ഓർമ്മയായിട്ട് ഒരു വർഷം. വളരെക്കുറച്ചു തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളു എങ്കിലും എനിക്കേറെ ഇഷ്ടമായിരുന്നു. സൗമ്യ ഭാഷണം, സന്തോഷം സ്ഫുരിക്കുന്ന മുഖം, മന്ദഹാസം എല്ലാം ആകർഷണീയങ്ങൾ തന്നെ. ഒട്ടുമിക്കവാറും ഏതെങ്കിലും വിശേഷങ്ങളിൽ പങ്കെടുക്കുമ്പോഴായിരിക്കും കൂടിക്കാഴ്ചകൾ .

അച്ചുമ്മാമന്റെ (കൊടിക്കുന്നത്ത് അച്ച്യുത പിഷാരടി) നൂറാം പിറന്നാൾ . വേദിയിൽ അനുമോദത്തിന്റെയും ആശംസകളുടേയും ഒഴിമുറിയാ പ്രവാഹം. സദസ്സിന്റെ പിൻനിരയിൽ ഇരിക്കുന്നു ബാബുവേട്ടൻ. സാധാരണ ഇത്തരം ദിവസങ്ങളിൽ സ്റ്റേജിലും സ്റ്റേജിനു പിറകിലും ഓടി നടക്കുന്നതാണ് കാണാറ്. ഉത്സാഹികൾ ധാരാളമുള്ളതിനാലാവാം ഈ സ്വസ്ഥത.

ഞാൻ പതുക്കെ അടുത്തു ചെന്നിരുന്നു. പതിവു പോലെ ഒരു ചിരി സമ്മാനം. എന്നെ തിരച്ചറിഞ്ഞില്ലേ എന്നാരു സംശയം. പതുക്കെ ഞാൻ സംസാരിച്ചു തുടങ്ങി. സത്യത്തിൽ അപ്പോഴാണ് ബാബുവേട്ടൻ എന്നെ ശ്രദ്ധിച്ചത്.

"ഇങ്ങനെ ഒരു വേഷത്തിൽ പ്രതീക്ഷിച്ചില്ല. ജുബ്ബയിട്ടെ കണ്ടിട്ടുള്ളുവല്ലോ?" തെല്ലൊരു സന്ദേഹത്തോടെയുള്ള ചോദ്യം.

"രാവിലെ കുറച്ച് ഉത്സാഹമുണ്ടായിന്നു . അതിന് ഈ വേഷമാ നല്ലതെന്ന് തോന്നി" ചെറു ചിരിയോടെ എന്റെ മറുപടി.

പിന്നെയെല്ലാം പതിവു പോലെ . കുശലാന്വേഷണങ്ങൾ, സിനിമാ, സാഹിത്യം, സംഗീതം ഇടതടവില്ലാതെയുള്ള ചർച്ചകൾ . 

" ഒരു പുതിയ സിനിമ ചെയ്യാൻ വിചാരിച്ചിരുന്നു. ചെമ്പൈ സ്വാമിയെക്കുറിച്ച്" ബാബുവേട്ടൻ മനസ്സു തുറക്കുകയാണ്.

" ഞങ്ങൾ ബോംബെയിൽ നിന്ന് ചെമ്പൈ സ്വാമിയുടെ ജീവിതത്തെയും സംഗീതത്തേയും ആസ്പദമാക്കി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പാവന ഗുരു - അറിഞ്ഞിരുന്നെങ്കിൽ ഞാൻ കയ്യിൽ കരുതിയേനെ." എന്റെ പരിഭവം.

"സ്വാമിയുടെ ശിഷ്യന്മാരുടെ ലേഖനങ്ങളൊക്കെ ഉള്ളതല്ലേ? ഞാനത് പാലക്കാട് ശാന്താ ബുക്സ്റ്റാളിൽ നിന്നും വരുത്തി. ബോംബെയെന്നു കണ്ടിരുന്നു പക്ഷേ അത് തന്റെയാണെന്ന് അറിഞ്ഞില്ല."

"എന്നിട്ട് എത്രത്തോളമായി. തിരക്കഥ തുങ്ങിയോ?" എന്റെ കൗതുകം .

ഒരു ഹൃദ്യമായ ചിരിയുടെ അകമ്പടിയോടെ "ഇത്ര ശുദ്ധനായ ഒരാളെക്കുറിച്ച് സിനിമ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഒരാൾക്ക് ഇത്ര സാത്വികനായി ഒരു കുട്ടിയേപ്പോലെ എങ്ങിനെ ഈ വയസ്സു വരെ ജീവിക്കാനായി എന്നതാണ് അത്ഭുതം. എത്ര ആലോചിച്ചിട്ടും വ്യക്തത വരുന്നില്ല. കുറേ പേരോട് സംസാരിച്ചു എല്ലാവർക്കും  പറയാനുള്ളതേതാണ് ഒന്നു തന്നെ. ഇനി വേണമെങ്കിൽ കുറച്ചു കൂടി ശ്രമിച്ചാൽ ഒരു ഡോക്യുമെന്ററി ചെയ്യാം അതെ നടക്കൂ"

പിന്നേയും ഏറെ കാര്യങ്ങൾ ചർച്ച ചെയ്ത് ഊണും കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
"ഇനി ഈ വേഷത്തിലായാലും ഓർമ്മയുണ്ടാവുംട്ടോ." ചെറു ചിരിയോടെയുള്ള യാത്രാമൊഴി.

അങ്ങിനെ ബാബുവേട്ടൻ എറെ ആഗ്രഹിച്ച ആ ജീവചരിത്രം വെറും മോഹമായി അവശേഷിച്ചു. എത്ര തീക്ഷണമായിരുന്നു ആ ആഗ്രഹമെന്നത് അന്നത്തെ വാക്കുകളിൽ പ്രകടമായിരുന്നു. അതിനുശേഷം ഒരു മുഴുനീള സിനിമ മാത്രം. എല്ലാവരും യാത്രയാവുന്നത് ഇങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കിവെച്ചായിരിക്കും അല്ലേ?

ഓർമ്മയിൽ ഒരുമിച്ചു കഴിഞ്ഞ ഓരോ നിമിഷവും തെളിമയോടെത്തന്നെ ഉണ്ട്. മരണമില്ലാത്ത ഓർമ്മകൾ ...
പ്രണാമം.

Monday, February 10, 2020

പാൽപ്പായസം

സ്നേഹം മധുരമാണ്. യാത്രയിൽ അപ്പുവിന്റെ ഓർമ്മയിൽ നിറഞ്ഞതു മുഴുവനും സ്നേഹത്തിൽ ചാലിച്ച പാൽപ്പായസമായിരുന്നു.
കഥയിങ്ങനെ
അപ്പുവിന് എട്ടു വയസ്സുള്ളപ്പോഴാണ് ചെറിയമ്മയുടെ മകന്റെ കല്യാണം. തലേ ദിവസം രാത്രി തന്നെ കല്യാണവീട്ടിലെത്തി. യാത്രയിലെ തണുത്ത കാറ്റും ബാലാരിഷ്ടതകളുടെ കടാക്ഷം ധാരാളമായുള്ളതിനാലാവാം രാത്രി കുറെശ്ശെ പനി തുടങ്ങി. അസുഖമുണ്ടെന്നറിഞ്ഞാൽ കൊണ്ടുപോയില്ലെങ്കിലോ എന്നു കരുതി ആരോടും പറയാതെ നേരത്തെ ഊണു കഴിച്ച് ഉറങ്ങാൻ കിടന്നു. തിരക്കായതിനാൽ ആരും ശ്രദ്ധിച്ചതുമില്ല. രാവിലെ കുളിച്ചൊരുങ്ങി കല്യാണപ്പാർട്ടിയോടൊപ്പം യാത്ര തുടങ്ങുമോഴെക്കും ക്ഷീണം കൂടി വരുന്നതായി തോന്നിയിരുന്നു. അവിടെയെത്തുമ്പോഴെക്കും വാടിയ ചേമ്പിൻ തണ്ടു പോലെയായി. മണ്ഡപത്തിലെത്തു മ്പോഴെക്കും തീർത്തും അവശനായിക്കഴിഞ്ഞിരുന്നു. സ്വതവേ ദേഷ്യക്കാരനാണെങ്കിലും ആരേയും ഒന്നുമറിയിക്കാതെ അച്ഛൻ അപ്പുവിനെ മേക്കപ്പ് റൂമിൽകൊണ്ടു കിടത്തി. കട്ടിലിൽ ചുരുണ്ടു കിടക്കുമ്പോൾ താഴെ കല്യാണ ഘോഷങ്ങളിൽ ചേരാനാവാത്തതിന്റെ ദുഃഖം കണ്ണീരായാണ് പുറത്തു വന്നത്. തിരക്കുകൾക്കിടയിൽ നിന്നും അച്ഛൻ ഇടക്കിടക്ക് ഓടി വന്ന് കൂട്ടിരിക്കും. ആരേങ്കിലും അന്വേഷിച്ചാൽ വീണ്ടും അപ്പു തനിച്ചാവും.
ഉച്ചയൂണിന്റെ ബഹളം നേർത്തു തുടങ്ങി. അച്ഛൻ വീണ്ടുമെത്തി
'അപ്പുവിന് ഊണ് കഴിക്കണോ ഇങ്ങോട്ടുകൊണ്ടു വരാം'
വേണ്ട. കയക്കുന്നു. വയറു വേദനിക്കുന്നുമുണ്ട് - അപ്പുവിന്റെ ആവലാതി.
അച്ഛൻ തിരക്കിലേക്ക് തിരിച്ചു പോയി.
അധികം താമസിയാതെ എന്തോ കാര്യത്തിനായി ചെറിയമ്മ റൂമിൽ വന്നു. അപ്പുവിന്റെ വയ്യായ്ക അപ്പോഴാണ് അറിഞ്ഞത്. കട്ടിലിൽ കൂടെയിരുന്ന് ചോദിച്ചു ' അപ്പുവിനെന്താ കഴിക്കാൻ വേണ്ടത് ?'
ഒന്നും വേണ്ട
ഒന്നും കഴിക്കാഞ്ഞാൽ വയ്യാണ്ടാവില്ലെ? കുറച്ചെന്തെങ്കിലും കഴിക്കണം' സ്നേഹത്തോടെയുള്ള നിർബന്ധം
എന്നാ എനിക്കിത്തിരി പായസം തരോ ? മടിച്ചു മടിച്ച് അപ്പുവിന്റെ മോഹം.
ചെറിയമ്മ തിരിച്ചെത്തിയത് വലിയൊരു ഗ്ലാസിൽ പായസവുമായാണ് . കുറച്ചു കഴിച്ചപ്പോഴേക്കും കഴിച്ചതിലേറെ വേഗത്തിൽ ശർദ്ദിച്ചവശനായി.
പനിക്കു പട്ടിണി നാളെക്ക് എല്ലാം ശരിയാവും അച്ഛന്റെ സാന്ത്വനം. ഒരു വിധം വീട്ടിലെത്തിച്ചേർന്നു.

അടുത്ത തവണത്തെ അവധിക്ക് ചെറിയമ്മയുടെ അടുത്തേക്ക് വീണ്ടും . രാത്രി ഊണു വിളമ്പി ചെറിയമ്മ അടുത്തിരുന്നു.
'അപ്പൂന് വേണ്ടി പാൽപ്പായസം ഉണ്ടാക്കീട്ടുണ്ട്. അന്നത്രയും മോഹിച്ചതല്ലേ?'
ഇപ്പോഴും അതെല്ലാം ഓർമ്മിച്ചുവെച്ചിരിക്കുന്നു. അതൊരു തുടക്കമായിരുന്നു. പിന്നീട് എപ്പോഴെല്ലാം അവിടെപ്പോയിട്ടുണ്ടോ അപ്പോഴെല്ലാം ഓർമ്മപുതുക്കലായ് പാൽപ്പായസം കരുതിയിട്ടു ണ്ടാവും. കാലം കഴിയുന്തോറും സന്ദർശനങ്ങൾക്കിടയിലെ ദൂരം കൂടി വന്നു. എങ്കിലും പാൽപ്പായസത്തിനുമാത്രം മാറ്റമില്ലാതായി.

ചില സ്നേഹങ്ങൾ അങ്ങിനെയാണ്. അറിയാതെയും പറയാതെയും നമ്മളിൽ നിറയും.

*******
ഒരു നനുത്ത മഴച്ചാറലിൽ ചെറിയമ്മയുടെ സംസ്കാര ചടങ്ങുകൾ അവസാനിച്ചപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. അറിയാതെ കാലുകൾ അടുക്കള ഭാഗത്തേക്ക് . സ്നേഹം മധുരത്തോടൊപ്പം ധാരാളം ചേർത്ത് തയ്യാറാക്കുന്ന പാൽപ്പായസത്തിന്റെ ഓർമ്മയിൽ .

ഇനിയൊരിക്കലും പാൽപ്പായസത്തിന് അത്ര സ്വാദുണ്ടാവാനിടയില്ല. യാത്ര തുടരുകയാണ്. നാവിൽ നിറഞ്ഞ സ്നേഹത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ ബാക്കിയാക്കി.

സമർപ്പണം - സ്നേഹനിധിയായ ഭാരതി ഓേപ്പോൾക്ക് .

Saturday, February 8, 2020

സ്മൃതിചിത്രങൾ -

 മീനത്തിലെ കത്തുന്ന ചൂടിൽ നിന്നും പടിപ്പുര കടന്ന്   വരാന്തയിലേക്ക് കയറിയപ്പോൾ വല്ലാത്ത ആശ്വാസമായി. പതിവായി പോലെ വരാന്തയിലെ ചാരു  കസാലയിൽ കണ്ണടച്ചിരുന്ന് ഗഹനമായ ഏതോ ഒരു പാഠഭാഗം ലളിതമായി വുവരിച്ച് കൊടുക്കുന്നു. അടഞ്ഞ കണ്ണുകൾ, സൗമ്യവും സ്ഫുടവുമായ ശബ്ദം  കേട്ടുനിൽക്കുമ്പോൾ സമയം പോവുന്നതറിയില്ല.  അനക്കം കേട്ടത് കൊണ്ടാവാം കണ്ണുതുറന്ന് ഒരു ചെറു പുഞ്ചിരി. പതുക്കെ എഴുനേറ്റ്  അടുത്തെത്തി കുശലാന്വേഷണം.

'അകത്തേക്ക് ചെല്ലാം ചായയോ സംഭാരോ എന്താച്ചാൽ ആവാം .'

ഞാൻ അകത്തേക്ക്‌ നടക്കുമ്പോൾ അദ്ദേഹം വീണ്ടും നിറുത്തിയേടത്തുന്നും തുടരുന്നു.

******

ഉച്ചയൂണ് കഴിഞ്ഞു വരാന്തയിൽ ഉലാത്തുമ്പോൾ ഓരോന്ന് ചോദിക്കുന്നുണ്ട്.  ജോലിയെ പറ്റി , ഏട്ടന്മാരെപ്പറ്റി എല്ലാവരെയും നല്ല ഓർമ്മയാണ്.  ഇടക്കിടക്ക് ഒരൽപം നിശ്ശബ്‌ദ . അദ്ദേഹത്തോടു സംസാരിച്ചിരിക്കുമ്പോൾ  സമയം പോവുന്നത് അറിയില്ല . അല്പം സന്ദേഹത്തോടെ ഞാൻ പറഞ്ഞു

 "എനിക്ക് സംസ്‌കൃതം പഠിക്കണമെന്നുണ്ട് '

നടത്തം നിർത്താതെ മറുചോദ്യം 

"എന്തെ ഇപ്പൊ ങ്ങനെ തോന്നാൻ?"

 പത്തുവരെ പഠിച്ചു പിന്നെ തരായില്ല  എന്റെ മറുപടി 

"താനിപ്പോ ബോംബെയിലല്ലേ ജോലിയൊക്കെയായി ?"

അതെ  പക്ഷെ ഇപ്പോൾ തോന്നുന്നു സംസ്‌കൃതം പഠിക്കണമെന്ന്  - ഉറപ്പിച്ചുള്ള എന്റെ മറുപടി.

"ആട്ടെ അപ്പോ എങ്ങിനെയാവാമെന്നാ താൻ കരുതണ് ?"

ജോലി രാജിവെച്ചു തിരിച്ചു വരാമെന്നാ വിചാരിക്കുന്നത് 

ആലോചനയുടെ ചെറിയ ഇടവേളക്കു ശേഷം വീണ്ടും സൗമ്യമായിത്തന്നെ  "പഠിക്കാനുള്ള ആഗ്രഹം നല്ലത് തന്നെ. പക്ഷെ ഇന്നത്തെ കാലത്ത് കിട്ടിയ ജോലി വേണ്ടെന്ന് വെക്കണോ ? ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ? കലശലായ മോഹമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും പഠിക്കാം "

ജോലിചെയ്ത് അതെത്രത്തോളം പറ്റു മെന്ന്  എനിക്കറിയില്ല -  വീണ്ടും എന്റെ ആശങ്ക .

"ആട്ടെ ഒരു കാര്യം ചെയ്യൂ എരനെല്ലൂർ ഭാരത ഷാരടിയെ ഒന്ന് കണ്ടുനോക്കു. സംസ്‌കൃത ഭാഷയുടെ പ്രചാരണത്തിനായി നല്ലോണം പ്രവർത്തിക്കുന്ന ആളാ . ചില പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അതൊന്നു കണ്ട് ശരിയാവൊന്നു നോക്കാം "

എൻറെ മുഖത്തെ തൃപ്തിയില്ലായ്മ കൊണ്ടാവാം അദ്ദേഹം വീണ്ടും പറഞ്ഞു "ഒരു തുടക്കായി കരുതിയാ മതി . ജോലിയൊക്കെ വേണ്ടാച്ച് തുടങ്ങി വേണ്ടപോലെ ആയില്ലെങ്കിലോ? പിന്നെ കൂടുതൽ പഠിക്കണമെന്നു തോന്നിയാൽ ഇവിടെയോ തൃശ്ശൂർ ഏട്ടന്റെ അടുത്തോ ആവാം. ഇപ്പോഴെന്തായാലും ഭരത ഷാരടി യെ കാണു  എന്നിട്ടു ബാക്കി തീരുമാനിച്ചാൽ മതി."

നടത്തത്തിനു വിരാമമായി വീണ്ടും ചോദ്യം "ഉച്ച വിശ്രമം പതിവുണ്ടോ?"

ഇല്ല. കൊടുമുണ്ടെ ഒന്ന് പോണം - ഞാൻ തിരക്കു കൂട്ടി 

"വെയിലറിയിട്ടു പോരെ "

കൊടുമുണ്ട പോയി സന്ധ്യക്ക് മുന്നേ പാലക്കാട്ടെത്തണം 

"ആട്ടെ എന്നാൽ അങ്ങനെയാവട്ടെ. തിരിച്ചു ബോംബെക്ക്  പോണെനു മുന്നെ ഭാരത ഷാരടിയെ കാണാൻ മറക്കണ്ട "

യാത്രപറഞ്ഞിറങ്ങാൻ നേരം വീണ്ടും "ചില്വനം വല്ലതും കയ്യിലുണ്ടോ ? മടിക്കാതെ പറയണം" - എന്നും യാത്ര പറയുമ്പോൾ എല്ലാവരോടുമുള്ള സ്‌നേഹാന്വേഷണം .

ഒരു ചിരി മറുപടിയായി പതുക്കെ ഞാൻ മീനച്ചൂടിലേക്ക് 

*****

ഗുരു വിദ്യ മാത്രം പകർന്നു നൽകുന്നയാളല്ല മറിച്ച് ശിഷ്യരുടെ ജീവിതം കെട്ടിപ്പടുക്കാൻ സമഗ്രമായ കാഴ്ചപ്പാടുള്ള ആളായിരിക്കണം . അത്തരം ഒരു ഗുരുനാഥനായിരുന്നു പണ്ഡിതരത്നം കൊടിക്കുന്നത് പിഷാരത്ത് അച്യുത പിഷാരടി. സംസ്‌കൃത ഭാഷാ പഠനത്തിനായി ധാരാളം കുട്ടികൾ ആ വരാന്തയിൽ വന്നിരുന്ന് അറിവിന്റെ പടവുകൾ കയറി ഉന്നതങ്ങളിൽ എത്തിയിരിക്കുന്നു. നിസ്വാർത്ഥ സേവനമായാണ് അദ്ദേഹം കുട്ടികൾക്കായി സമയം നീക്കിവെച്ചിരുന്നത് . പാണ്ഡിത്യത്തിന്റെ ഉന്നതങ്ങളിലും ലളിതമായി ഒറ്റമുണ്ടും ചുറ്റി പുറംലോകത്തെ തന്റെ തട്ടകത്തിലേക്ക് ഒതുക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത് .  പുന്നശ്ശേരി കളരിയിൽ നിന്നും സംസ്‌കൃതം പഠിച്ച മലയാളാധ്യാപകനായി വിരമിക്കും വരെ. 108 വയസ്സ് വരെ മുടങ്ങാതെ സംസ്‌കൃതം പഠിപ്പിക്കുമായിരുന്നു അദ്ദേഹം. തികച്ചും നിഷ്കാമകർമ്മിയായ ഗുരുനാഥൻ. ഒരിക്കൽ പ്പോലും ദേഷ്യപ്പെട്ടോ അമിതമായി സന്തോഷം പ്രകടിപ്പിക്കുന്നതോ കണ്ടിട്ടില്ല. ഒരാളെപ്പോലും ദുഷിച്ച ഒരു  വാക്കുപോലും പറഞ്ഞു കേട്ടിട്ടില്ല. ഇതിൽപ്പരം സാത്വികാനായി ഒരാൾക്കെങ്ങിനെ ജീവിക്കാനാകും? ലോകം മുഴുവൻ പഠിക്കേണ്ടതാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പ്രത്യേകിച്ചും അധ്യാപകർ. ഗുരു എന്ന വാക്കിന് മറ്റോരു  പര്യായമായി നിസ്സംശയം പറയാം - കൊടിക്കുന്നത്ത് അച്യുത പിഷാരടി .

ഭാഷയുടെയും ജീവിതത്തിൻറെയും പാഠങ്ങളും പാഠഭേദങ്ങളും ഇന്നും ആ വരാന്തയിൽ മുഴങ്ങുന്നുണ്ടാവാം. അദ്ദേഹത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങളുടെ മരിക്കാത്ത ഓർമ്മകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ബാക്കിയാവുന്നത് ഒരു വരിമാത്രം - പരോപകാരാർത്ഥമിദം ശരീരം - അതെ ആത്മാവ്  ആ ശരീരം ഉപേക്ഷിച്ചു പഞ്ചഭൂതങ്ങളിൽ വിലയിച്ചിരിക്കാം . 

ആ ദീപ്ത സമരണക്കുമുന്നിൽ പ്രണാമം .