Wednesday, November 28, 2007

യാത്ര

ബാല്യം
കണ്ണില്‍ നക്ഷത്രങ്ങള്‍ വിരിയിച്ച്‌
മനസ്സില്‍ പീലികള്‍ വിടര്‍ത്തി
ഓര്‍മ്മയില്‍ മധുരം നുണഞ്ഞ്‌
ഉള്ളില്‍ സ്നേഹം നിറച്ച്‌
അതിവേഗം പടികടന്നു

കൌമാരം
കണ്ണില്‍ അഗ്നി ജ്വലിപ്പിച്ച്‌
മനസ്സില്‍ പ്രണയം നിറച്ച്‌
അറിവില്‍ നിലാവായുദിച്ച്‌
കിനാക്കള്‍ ഉറക്കംകെടുത്തിയ നാ-
ളിനെ ഞാന്‍ ആട്ടിപ്പായിച്ചു

അന്ന്
നക്ഷത്രങ്ങള്‍ അഗ്നിയില്‍ ദഹിച്ചു
പ്രണയം വെറും ഓര്‍മയായ്‌ മാറി
സ്നേഹം നിലാവായ്‌ മറഞ്ഞു
അറിവ്‌ ഉറക്കം കെടുത്തി

ഇന്ന്
ബാല്യവും, കൌമാരവും കൈവിട്ട ഞാന്‍
നക്ഷത്രങ്ങളില്ലാത്ത ലോകത്ത്‌
മനസ്സില്‍ സ്നേഹം മരവിച്ച്‌
മരിച്ച പ്രണയത്തിനു കൂട്ടിരിക്കുന്നു

നിലാവിന്റെ കുളിര്‍മ്മ ആലസ്യമായ്‌
എന്നെ പൊതിയുന്നു; ഞാന്‍ ഉറക്കത്തിലാഴുന്നു

Tuesday, November 20, 2007

ജീവിതം

ജീവിതം
നദിയൊഴുകുമ്പോലെ
തുടങ്ങിയതെവിടെനിന്നെന്നറിയാതെ
എങ്ങോട്ടെന്നറിയാതെ
എത്രത്തോളമെന്നറിയാതെ

നിയമങ്ങളില്ലാതെ
തടസ്സങ്ങളില്ലാതെ
പരിഭവമില്ലാതെ
തെക്കൊട്ടൊഴുകുന്നു.

വഴിക്കൊരാള്‍ ചോദിക്കുന്നു
കടലില്‍ ചേരേണ്ടതെപ്പോള്‍‍?

ഒഴുകി മതിയാവുമ്പോള്‍
മെലിഞ്ഞ്‌ ഒഴുകാന്‍വയ്യാതെയാവുമ്പോള്‍
തടയണയില്‍ത്തട്ടി ആവേശം കെടുമ്പോള്‍
മണലില്ലാ മണ്ണില്‍ എരിപൊരികൊള്ളുമ്പോള്‍

കുസൃതി ചോദ്യങ്ങളെ
കൊഞ്ഞനംകുത്തി
തെക്കോട്ട്‌, തെക്കേത്തൊടിയിലേക്ക്‌.