Monday, August 11, 2008

യാത്രാമൊഴി

യാത്ര ചോദിച്ചിറങ്ങുന്ന വേളയില്‍

പാതിനെന്ച്ചം പൊതിഞ്ഞെടുത്തീടുക

അറിവു സാഗരം മാടിവിളിക്കവെ

വലതുകാല്‍വച്ചു പടികടന്നീടുക

വഴികളൊക്കെയും കഠിനമാമെങ്കിലും

ദൃഢമനസ്സിനാല്‍ മുറിച്ചുനീങ്ങീടുക

വഴിയറിയാതെ പകച്ചുനില്‍ക്കുമ്പോ-

ളിടം മറന്നെന്നെ വിളിച്ചുകൊള്ളുക

വഴികളേറെ നാം താണ്ടിയെത്തിയീ

കവലയിലെന്റെ വഴികുഴയുന്നു

പറക്കമുറ്റിയ കിളിയെപ്പോലെ നീ

മറവിയിലാഴ്ത്തി പറന്നുപോവുക

പറന്നിതെത്രകണ്ടുയരമെത്തിലും

തിരിയെയെത്താനീ വഴിയിതോര്‍ക്കുക

തുടിക്കും ഹൃത്തുമായ്‌ ഇമകള്‍ പൂട്ടാതെ

തപിച്ചിരിക്കും ഞാന്‍ ദിനങ്ങളത്രയും.

വഴിയരുകിലെ കുസൃതികണ്ണുകള്‍

മറികടക്കുവാന്‍ വിളക്കുവെക്കും ഞാന്‍

ആ വിളക്കിന്റെ പ്രകാശധാരയില്‍

‍ഉദിച്ചു നീയിന്നു നിലാവുപെയ്യുക.

ഇടവപ്പാതിയില്‍ മഴയുതിരുകള്‍

മനസ്സിലേറ്റുനീ കുളിരുപെയ്യുക

കുളിരുകീറുന്ന ശിശിരരാത്രിയില്‍

‍തിളക്കും സ്നേഹത്താല്‍ തണുപ്പകറ്റുക

കഴിഞ്ഞകാലത്തിന്‍ കരുതിവെപ്പുകള്‍

‍അടുക്കിവെക്കവെ തിരിഞ്ഞു നോക്കുക

നിനക്കു മാത്രമായ്‌ പകുത്തുനല്‍കിയ

ഹൃദയത്തില്‍പ്പാതി എടുത്തു വെക്കുക

നീ ഉറങ്ങുമ്പോള്‍ നിനക്കു കാവലായ്‌

നീ വിതുമ്പുമ്പോള്‍ അണച്ചുചേര്‍ക്കുവാന്‍

നീ വിരിയുമ്പോള്‍ ഉദിച്ചുയരുവാന്‍

‍നിനക്കുമാത്രമായ്‌ തപിച്ചിരിക്കുവാന്‍.

യത്രചൊല്ലി തിരിഞ്ഞുനോക്കാതെ

പടികടന്നിന്നു നീ നടന്നീടുക

അറിവു സാഗരം മാടിവിളിക്കവെ

വലതുകാല്‍വച്ചു യാത്രയായീടുക

Tuesday, June 24, 2008

സംശയം

ഒരു വാക്കില്‍
ഒരു വരിയില്‍
‍വിരിയുന്നതെന്ത്‌?

ഒരു നോക്കില്‍
ഒരു സ്പര്‍ശത്തില്‍
ഉണരുന്നതെന്ത്‌?

ഞാന്‍ അറിയുകയാണിന്നു-
വരെ അറിയാത്തൊരീ
ചുടുലമാം ഹൃദയതാളങ്ങള്‍.

പ്രിയ സുഹൃത്തേ പറയു നീ
ഇതുതന്നെയാണോ പ്രണയമെന്ന്.

Monday, June 9, 2008

നമുക്കിനി മറക്കാം

ആദ്യ ദര്‍ശനം,
ആദ്യ സല്ലാപം,
ആദ്യാനുരാഗം,
ആദ്യമെല്ലാം മറക്കാം.

വര്‍ഷം കൊഴിഞ്ഞതും,
ഋതുക്കള്‍ മറഞ്ഞതും,
മഴയില്‍ കുതിര്‍ന്നു നാം
നമ്മിലലിഞ്ഞതും,
പിന്നേ മറക്കാം.

അകലത്തിരുന്നു
കുറിച്ചൊരാ വാക്കുകള്‍
‍നല്‍കിയോരായിരം സ്വപ്നങ്ങളും
നിദ്രാവിഹീനമാം രാവുകളൊക്കെയും
വെറുതെയെന്നോര്‍ത്തു
മറക്കാം മറക്കാം.

നിലാവായ്‌ മനസ്സില്‍
നിറഞ്ഞൊരാ നാളുകള്‍
‍ഉള്ളിലുണര്‍ത്തുന്ന ഗീതിക-
ളൊക്കെയും പഴതെന്നുചൊല്ലി
പതുക്കെ മറക്കാം.

ഓര്‍മ്മയിലുണരുന്ന
നിമിഷങ്ങളൊക്കെയും
കൂരിരുട്ടിന്‍ കുടത്തിലടച്ചു
ശിഷ്ടമെല്ലാം മറക്കാം മറക്കാം.

Monday, May 26, 2008

വിട

വേനല്‍ച്ചൂടു പകുത്ത്‌,
വര്‍ഷക്കുളിരു പകുത്ത്‌,
ഋതുക്കള്‍ പൊഴിഞ്ഞതറിയാതെ
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു.

ഓരോ മഴയിലും
കുളിരായ്‌ നീ പെയ്തതും
പൂവായ്‌ വിരിഞ്ഞതും
ഇന്നലെക്കഴിഞ്ഞപോലെ

വേനല്‍ച്ചൂടില്‍
‍ഓര്‍മ്മകള്‍ വേരോടറുത്ത്‌
നീ എന്നെ പിരിഞ്ഞത്‌
ഇന്നിന്റെ യാഥാര്‍ത്ഥ്യം

മനസ്സില്‍ പതിഞ്ഞ നിറ സൌഹൃദം
മറവിയില്‍ മാഞ്ഞില്ലെങ്കില്‍
നീ മറക്കുക, ക്ഷമിക്കുക
എനിക്കു നീയാവാന്‍ വയ്യ

Monday, April 14, 2008

കണിക്കൊന്നയില്ലാത്ത വിഷു


വിഷുവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍കുന്നത്‌ ഉതിരുകളായി ചിരിച്ചൊഴുകുന്ന കൊന്നപ്പൂവാണ്‌. ഇക്കുറി ഒരല്‍പ്പം കൊന്നപ്പൂവിനുപോലും വിഷമമായി. പൊന്നു വെക്കേണ്ടിടത്ത്‌ പൂവു വെച്ചു ശീലിച്ചതിനാല്‍ അല്‍പം വിഷമം തോന്നി.

പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും, നിലച്ചക്രത്തിന്റെയും, പൂക്കുറ്റിയുടെയും വര്‍ണ്ണങ്ങളും വിസ്മയം നിറച്ച കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ കൊന്നപ്പൂവിന്‌ ഒരിക്കലും ക്ഷാമമുണ്ടായിട്ടില്ല.


ഓലപ്പടക്കവും, കൊന്നപ്പൂവുമൊന്നുമില്ലാതെ വിഷു പൂര്‍ണ്ണമാവില്ലെന്നൊരു തോന്നല്‍. എന്റെ കൊച്ചനുജന്മാര്‍ക്കും, അനിയത്തിമാര്‍ക്കും നഷ്ടമാവുന്നത്‌ നന്മയുടെ ഒരുത്സവമാണ്‌.

"എങ്കിലുമീ കണിക്കൊന്ന പൂത്തുനില്‍പ്പൂ വീണ്ടും
മണ്ണിലുണ്ടു നന്മകള്‍തന്‍ തുള്ളികള്‍ വറ്റാതെ"
- ഓ. എന്‍. വി.


മനസ്സില്‍ അവശേഷിക്കുന്ന ഒരിറ്റു നന്മ ഒരു കൊന്നപ്പൂവിനോടൊപ്പം എല്ലാ ഇളമുറക്കാര്‍ക്കുമായി ഞാന്‍ വീതിക്കട്ടെ.


സര്‍വ്വൈശ്വര്യം നിറഞ്ഞ ഒരു വര്‍ഷം ഏവര്‍ക്കും ആശംസിച്ചുകൊണ്ട്‌ ഒരിക്കല്‍ക്കൂടി വിഷു ആശംസകള്‍.

Friday, April 4, 2008

മഴ

മഴ ചാറുന്നുണ്ട്‌,
മനസ്സിലുറഞ്ഞ മഞ്ഞുരുകുന്നുണ്ട്‌

അന്നൊരിക്കല്‍
ഒരു സന്ധ്യക്ക്‌
മഴയില്‍ കുതിര്‍ന്ന്
നാം പങ്കുവെച്ച കൌമാരത്തിന്‍ കുളിര്‌
ഓര്‍മ്മയിലുണ്ട്‌

പിന്നീടൊരിക്കല്‍
നീ പെയ്തൊഴിഞ്ഞത്‌
എന്റെ ആഴങ്ങളില്‍ ചുടുനീരായതും
മൌനത്താല്‍ തിരസ്കരിച്ച്‌ തിരിയെനടന്നതും
ഓര്‍മ്മയിലുണ്ട്‌

മറ്റൊരിക്കല്‍
എല്ലാം മറക്കാന്‍
നിന്‍ ചുമലിലെന്‍ മുഖം ചായ്ച്ചതും
ആര്‍ദ്രമൊരു വാക്കിനാല്‍ നീ കരുണ ചൊരിഞ്ഞതും
ഓര്‍മ്മയിലുണ്ട്‌

ഇന്നിപ്പോള്‍
കത്തുന്ന ചിതയിലേക്ക്‌
ഖനീഭവിച്ച മേഘത്തിന്‍ അശ്രുധാര
ഇതുവരേയും പറയാതൊളിച്ച സ്നേഹം ഉള്ളില്‍ നോവായ്‌
പിടയുന്നതും അറിയുന്നുണ്ട്‌

മഴ ചാറുന്നുണ്ട്‌
മനസ്സുരുകുന്നുണ്ട്‌.

Wednesday, February 20, 2008

സ്വപ്നം

സമയം സന്ധ്യ. എന്തെ ഇങ്ങിനെ തുടങ്ങാന്‍ എന്നാരും ചോദിക്കേണ്ട. ഇതെന്റെ മാത്രം കഥയാണ്‌. ഈ കഥയിലാണെങ്കില്‍ ചോദ്യവുമില്ല.
അപ്പോള്‍ പറഞ്ഞുവന്നത്‌ സമയം സന്ധ്യ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി വെറുതെ കാത്തുനില്‍ക്കുന്നവരുടെ കയ്യിലിരിക്കുന്ന ബോര്‍ഡുകള്‍ വായിച്ചുനോക്കി പുറത്തേക്കു നടന്നു വരുമ്പോഴാണ്‌ ഞെട്ടലുണ്ടാക്കുന്ന ആ കാഴ്ച കണ്ടത്‌. എന്റെ പേരെഴുതിയ ബോര്‍ഡുമായി ഒരാള്‍ കാത്തുനില്‍ക്കുന്നു. ഇനി വേറെ വല്ലവരെയും കാത്താണോ നില്‍ക്കുന്നതെന്നറിയണമല്ലോ എന്നുകരുതി കുറച്ചു മാറി നിലയുറപ്പിച്ചു. സഹയാത്രികരെല്ലാം പോയിക്കഴിഞ്ഞിട്ടും ബോര്‍ഡിനു മാറ്റമൊന്നുമില്ലായിരുന്നു. സമയം അതിവേഗം കടന്നു പോവുന്നതിനാലും, വൈകിയാല്‍ വീട്ടിലെത്താന്‍ ബസ്സുകിട്ടില്ലെന്ന് നല്ല ഉറപ്പുള്ളതിനാലും കുറേശ്ശെ ഉള്ളിടിച്ചു തുടങ്ങി. ശങ്ക തീര്‍ക്കാതെ പോവുന്നതും ശരിയല്ലല്ലോ?
ഇരുന്നും കടന്നും ചിന്തിച്ച ശേഷം നേരിട്ടു മുട്ടിനോക്കാമെന്ന തീരുമാനത്തിലെത്തി. പിന്നെ രണ്ടും കല്‍പ്പിച്ച്‌ ബോര്‍ഡിനടുത്തേക്കു ചെന്നു. ശ്രദ്ധിച്ചു വായിക്കുന്നതായി ഭാവിച്ച്‌ ഒരല്‍പനേരം ബോര്‍ഡിനുമുമ്പില്‍ കഴിച്ചുകൂട്ടി. എന്റെ മുഖത്തെ ശങ്ക കണ്ടിട്ടാവാം അയാള്‍ ചോദിച്ചു "ബോംബെയില്‍ നിന്നാണോ?" അതുകൂടി കേട്ടപ്പോള്‍ അയാള്‍ കാത്തുനില്‍ക്കുന്നത്‌ എന്നെത്തന്നെയെന്ന തോന്നല്‍ പൂര്‍വ്വാധികം ശക്തിപ്പെടുന്നതും, എന്റെ ശങ്ക മൂത്രശങ്കയായി പരിണമിക്കുമോ എന്നും സംശയമായിത്തുടങ്ങി. ഒരു പരിചയവുമില്ലാത്തയാള്‍ എന്നെ കാത്തുനില്‍ക്കുക എന്നു ചിന്തിച്ചപ്പോള്‍ത്തന്നെ ശരീരം കുറേശ്ശെ വിറകൊള്ളുന്നുണ്ടോ എന്നൊരു സംശയം.
സംഭരിക്കാവുന്നത്രയും ധൈര്യം ഒന്നിച്ചുചേര്‍ത്ത്‌ ഞാന്‍ തട്ടിവിട്ടു "എന്നെയാണൊ നിങ്ങള്‍ കാത്തുനില്‍കുന്നത്‌?" കാത്തുനില്‍പ്പിന്റെ അസ്വസ്ഥതയില്ലാതെ അയാള്‍ വിശാലമായി ചിരിച്ചു. കഷണ്ടികയറിയ തലയില്‍ ഒന്നു തടവി അയാള്‍ വലതു കൈ നീട്ടി. സ്വീകരിക്കണൊ എന്നൊരുനിമിഷം ചിന്തിച്ചെങ്ങിലും എന്റെ വലതു കൈ അറിയാതെ മുന്നോട്ടു നീങ്ങിയിരുന്നു.
മൂക്കിനുമുകളില്‍ നിന്നും താഴേക്കൂര്‍ന്നിറങ്ങിയ കണ്ണട ശരിയാക്കി ഒരല്‍പ്പം പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു : ഞാന്‍ കാത്തുനില്‍കയായിരുന്നു. ഇന്നു വരുമെന്ന് അറിഞ്ഞപ്പോള്‍ നേരിട്ടുകണ്ടൊന്ന് ഞെട്ടിക്കാമെന്നു വെച്ചു.
അന്തം വിട്ടുനില്‍ക്കുന്ന എന്റെ മുഖത്ത്‌ ദീനതയെന്നു വിശേഷിപ്പിക്കാവുന്ന ഒരുതരം ഭാവമായിരിക്കണം ഉണ്ടായിരുന്നത്‌. അതുകൊണ്ടാവാം കണ്ണട ഒരല്‍പ്പം കൂടി മേല്‍പ്പോട്ടുയര്‍ത്തി അയാള്‍ പറഞ്ഞു. "അല്ല ഞാന്‍ ആരാന്നു പറഞ്ഞില്ലല്ലോ അല്ലെ? ഞാന്‍ കുറുമാന്‍. ദുബായിലാണ്‌. ഒരുമാസത്തെ ലീവില്‍ വന്നതാണ്‌. അതിനിടക്കാണ്‌ താന്‍ വരുന്നെന്നറിഞ്ഞത്‌. എന്നാല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നു തന്നെ പൊക്കിയേക്കാമെന്നു വെച്ചു."
പരിഭ്രമം സന്തോഷമായി മാറിയപ്പോള്‍ ഞാന്‍ കുലുക്കാന്‍ മറന്ന കൈ നല്ലപോലെ കുലുക്കി. തിരിച്ചറിയാത്തതിലെ ഖേദപ്രകടനത്തിനു ശേഷം പതുക്കെ പുറത്തേക്കു നടന്നു.കാത്തുനില്‍ക്കുന്ന കാറില്‍ക്കയറി, അപ്പോഴും എങ്ങൊട്ടാണ്‌ പോവുന്നതെന്ന് ഞാന്‍ തിരക്കിയില്ല.
ഞങ്ങള്‍ യാത്ര തുടങ്ങി. വഴിയിലൊന്നും ആരേയും കാണാനില്ലായിരുന്നു. വാഹനങ്ങളും കുറവ്‌. കാറിന്റെ വേഗത കൂടിക്കൂടി വരുന്നു. കുറുമാന്റെ ഡ്രൈവിംഗ്‌ പാടവത്തില്‍ എനിക്കസൂയ തോന്നി.
വേഗതയുടെ ഹരത്തില്‍ പിന്നിട്ടു പോകുന്ന വഴിവക്കിലെ മരങ്ങളുടെ എണ്ണമെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. പെട്ടെന്നാണ്‌ ഒരു വളവടുത്തതും കുറുമാന്‍ കാര്‍ വെട്ടിച്ച്‌ വലത്തോട്ടെടുത്തതും. അറിയാതെ എന്റെ കൈ തട്ടി ഇടതുവശത്തെ വാതില്‍ തുറന്ന് ഞാന്‍ പുറത്തേക്ക്‌ തെറിച്ചു വീണു. എന്റെ തൊണ്ടയില്‍ നിന്നും ഉയര്‍ന്ന ശബ്ദമെന്തായിരുന്നെന്ന് എനിക്കുതന്നെ അറിയില്ല.
ശബ്ദം കേട്ട്‌ ആദ്യമെത്തിയ സഹപ്രവര്‍ത്തകന്‍ എന്തു പറ്റിയെന്ന്‌ ചോദിച്ചോടിയെത്തിയപ്പോഴാണ്‌ കമ്പ്യൂട്ടറിനുമുമ്പില്‍ വിളറിയിരിക്കുന്ന എനിക്ക്‌ അക്കിടി മനസ്സിലാക്കിയത്‌. ഉച്ചക്ക്‌ അല്‍പ്പം അധികം ഊണുകഴിച്ച്‌ കോമരത്തിന്റെ ദുബായ്‌ യാത്രാവിശേഷം വായിക്കാനിരുന്നതോര്‍മ്മയുണ്ട്‌. അതിനു ശേഷം അഭിപ്രായങ്ങള്‍ വായിച്ചിരുന്നതായും ചെറിയൊരോര്‍മ്മയുണ്ട്‌. അതെല്ലാം കൂടി എന്നെ ഈ അവസ്ഥയിലെത്തിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഏതായാലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടല്ലോ എന്നാലോചിച്ചപ്പോള്‍ വലിയോരാശ്വാസം.എന്നാലും കോമരം ഇങ്ങനെ എന്നെ ഉപദ്രവിക്കുമെന്നു കരുതിയില്ല. ദുബായില്‍ പോയതും അവിടുത്തെ നല്ല സുഹൃത്തുക്കളോടൊപ്പം മൂന്നു ദിവസം ചിലവഴിച്ചതുമെല്ലാം ഇത്ര വിശദമായി എഴുതണമായിരുന്നോ? കൂനിന്മേല്‍ കുരു എന്നു പറഞ്ഞപോലെ അഭിലാഷങ്ങള്‍ കൊടുത്ത ചരിത്ര സംഭവം വായിക്കാനുമിടയായി. എല്ലാംകൂടി തലക്കകത്തൊരു ചുറ്റിത്തിരിച്ചില്‍. ബാക്കിപത്രം നിങ്ങള്‍ വായിച്ചുവല്ലോ?സ്നേഹം നിറഞ്ഞ ദുബായിലെ സുഹൃത്തുക്കളെ പരിചയപ്പെടാന്‍ തോന്നുന്നു. വെറുതെ.. ഒന്നുമില്ലെങ്കില്‍ ഒരു ദിവാസ്വപ്നത്തില്‍ കൂട്ടാവുമല്ലോ?