Wednesday, February 20, 2008

സ്വപ്നം

സമയം സന്ധ്യ. എന്തെ ഇങ്ങിനെ തുടങ്ങാന്‍ എന്നാരും ചോദിക്കേണ്ട. ഇതെന്റെ മാത്രം കഥയാണ്‌. ഈ കഥയിലാണെങ്കില്‍ ചോദ്യവുമില്ല.
അപ്പോള്‍ പറഞ്ഞുവന്നത്‌ സമയം സന്ധ്യ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി വെറുതെ കാത്തുനില്‍ക്കുന്നവരുടെ കയ്യിലിരിക്കുന്ന ബോര്‍ഡുകള്‍ വായിച്ചുനോക്കി പുറത്തേക്കു നടന്നു വരുമ്പോഴാണ്‌ ഞെട്ടലുണ്ടാക്കുന്ന ആ കാഴ്ച കണ്ടത്‌. എന്റെ പേരെഴുതിയ ബോര്‍ഡുമായി ഒരാള്‍ കാത്തുനില്‍ക്കുന്നു. ഇനി വേറെ വല്ലവരെയും കാത്താണോ നില്‍ക്കുന്നതെന്നറിയണമല്ലോ എന്നുകരുതി കുറച്ചു മാറി നിലയുറപ്പിച്ചു. സഹയാത്രികരെല്ലാം പോയിക്കഴിഞ്ഞിട്ടും ബോര്‍ഡിനു മാറ്റമൊന്നുമില്ലായിരുന്നു. സമയം അതിവേഗം കടന്നു പോവുന്നതിനാലും, വൈകിയാല്‍ വീട്ടിലെത്താന്‍ ബസ്സുകിട്ടില്ലെന്ന് നല്ല ഉറപ്പുള്ളതിനാലും കുറേശ്ശെ ഉള്ളിടിച്ചു തുടങ്ങി. ശങ്ക തീര്‍ക്കാതെ പോവുന്നതും ശരിയല്ലല്ലോ?
ഇരുന്നും കടന്നും ചിന്തിച്ച ശേഷം നേരിട്ടു മുട്ടിനോക്കാമെന്ന തീരുമാനത്തിലെത്തി. പിന്നെ രണ്ടും കല്‍പ്പിച്ച്‌ ബോര്‍ഡിനടുത്തേക്കു ചെന്നു. ശ്രദ്ധിച്ചു വായിക്കുന്നതായി ഭാവിച്ച്‌ ഒരല്‍പനേരം ബോര്‍ഡിനുമുമ്പില്‍ കഴിച്ചുകൂട്ടി. എന്റെ മുഖത്തെ ശങ്ക കണ്ടിട്ടാവാം അയാള്‍ ചോദിച്ചു "ബോംബെയില്‍ നിന്നാണോ?" അതുകൂടി കേട്ടപ്പോള്‍ അയാള്‍ കാത്തുനില്‍ക്കുന്നത്‌ എന്നെത്തന്നെയെന്ന തോന്നല്‍ പൂര്‍വ്വാധികം ശക്തിപ്പെടുന്നതും, എന്റെ ശങ്ക മൂത്രശങ്കയായി പരിണമിക്കുമോ എന്നും സംശയമായിത്തുടങ്ങി. ഒരു പരിചയവുമില്ലാത്തയാള്‍ എന്നെ കാത്തുനില്‍ക്കുക എന്നു ചിന്തിച്ചപ്പോള്‍ത്തന്നെ ശരീരം കുറേശ്ശെ വിറകൊള്ളുന്നുണ്ടോ എന്നൊരു സംശയം.
സംഭരിക്കാവുന്നത്രയും ധൈര്യം ഒന്നിച്ചുചേര്‍ത്ത്‌ ഞാന്‍ തട്ടിവിട്ടു "എന്നെയാണൊ നിങ്ങള്‍ കാത്തുനില്‍കുന്നത്‌?" കാത്തുനില്‍പ്പിന്റെ അസ്വസ്ഥതയില്ലാതെ അയാള്‍ വിശാലമായി ചിരിച്ചു. കഷണ്ടികയറിയ തലയില്‍ ഒന്നു തടവി അയാള്‍ വലതു കൈ നീട്ടി. സ്വീകരിക്കണൊ എന്നൊരുനിമിഷം ചിന്തിച്ചെങ്ങിലും എന്റെ വലതു കൈ അറിയാതെ മുന്നോട്ടു നീങ്ങിയിരുന്നു.
മൂക്കിനുമുകളില്‍ നിന്നും താഴേക്കൂര്‍ന്നിറങ്ങിയ കണ്ണട ശരിയാക്കി ഒരല്‍പ്പം പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു : ഞാന്‍ കാത്തുനില്‍കയായിരുന്നു. ഇന്നു വരുമെന്ന് അറിഞ്ഞപ്പോള്‍ നേരിട്ടുകണ്ടൊന്ന് ഞെട്ടിക്കാമെന്നു വെച്ചു.
അന്തം വിട്ടുനില്‍ക്കുന്ന എന്റെ മുഖത്ത്‌ ദീനതയെന്നു വിശേഷിപ്പിക്കാവുന്ന ഒരുതരം ഭാവമായിരിക്കണം ഉണ്ടായിരുന്നത്‌. അതുകൊണ്ടാവാം കണ്ണട ഒരല്‍പ്പം കൂടി മേല്‍പ്പോട്ടുയര്‍ത്തി അയാള്‍ പറഞ്ഞു. "അല്ല ഞാന്‍ ആരാന്നു പറഞ്ഞില്ലല്ലോ അല്ലെ? ഞാന്‍ കുറുമാന്‍. ദുബായിലാണ്‌. ഒരുമാസത്തെ ലീവില്‍ വന്നതാണ്‌. അതിനിടക്കാണ്‌ താന്‍ വരുന്നെന്നറിഞ്ഞത്‌. എന്നാല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നു തന്നെ പൊക്കിയേക്കാമെന്നു വെച്ചു."
പരിഭ്രമം സന്തോഷമായി മാറിയപ്പോള്‍ ഞാന്‍ കുലുക്കാന്‍ മറന്ന കൈ നല്ലപോലെ കുലുക്കി. തിരിച്ചറിയാത്തതിലെ ഖേദപ്രകടനത്തിനു ശേഷം പതുക്കെ പുറത്തേക്കു നടന്നു.കാത്തുനില്‍ക്കുന്ന കാറില്‍ക്കയറി, അപ്പോഴും എങ്ങൊട്ടാണ്‌ പോവുന്നതെന്ന് ഞാന്‍ തിരക്കിയില്ല.
ഞങ്ങള്‍ യാത്ര തുടങ്ങി. വഴിയിലൊന്നും ആരേയും കാണാനില്ലായിരുന്നു. വാഹനങ്ങളും കുറവ്‌. കാറിന്റെ വേഗത കൂടിക്കൂടി വരുന്നു. കുറുമാന്റെ ഡ്രൈവിംഗ്‌ പാടവത്തില്‍ എനിക്കസൂയ തോന്നി.
വേഗതയുടെ ഹരത്തില്‍ പിന്നിട്ടു പോകുന്ന വഴിവക്കിലെ മരങ്ങളുടെ എണ്ണമെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. പെട്ടെന്നാണ്‌ ഒരു വളവടുത്തതും കുറുമാന്‍ കാര്‍ വെട്ടിച്ച്‌ വലത്തോട്ടെടുത്തതും. അറിയാതെ എന്റെ കൈ തട്ടി ഇടതുവശത്തെ വാതില്‍ തുറന്ന് ഞാന്‍ പുറത്തേക്ക്‌ തെറിച്ചു വീണു. എന്റെ തൊണ്ടയില്‍ നിന്നും ഉയര്‍ന്ന ശബ്ദമെന്തായിരുന്നെന്ന് എനിക്കുതന്നെ അറിയില്ല.
ശബ്ദം കേട്ട്‌ ആദ്യമെത്തിയ സഹപ്രവര്‍ത്തകന്‍ എന്തു പറ്റിയെന്ന്‌ ചോദിച്ചോടിയെത്തിയപ്പോഴാണ്‌ കമ്പ്യൂട്ടറിനുമുമ്പില്‍ വിളറിയിരിക്കുന്ന എനിക്ക്‌ അക്കിടി മനസ്സിലാക്കിയത്‌. ഉച്ചക്ക്‌ അല്‍പ്പം അധികം ഊണുകഴിച്ച്‌ കോമരത്തിന്റെ ദുബായ്‌ യാത്രാവിശേഷം വായിക്കാനിരുന്നതോര്‍മ്മയുണ്ട്‌. അതിനു ശേഷം അഭിപ്രായങ്ങള്‍ വായിച്ചിരുന്നതായും ചെറിയൊരോര്‍മ്മയുണ്ട്‌. അതെല്ലാം കൂടി എന്നെ ഈ അവസ്ഥയിലെത്തിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഏതായാലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടല്ലോ എന്നാലോചിച്ചപ്പോള്‍ വലിയോരാശ്വാസം.എന്നാലും കോമരം ഇങ്ങനെ എന്നെ ഉപദ്രവിക്കുമെന്നു കരുതിയില്ല. ദുബായില്‍ പോയതും അവിടുത്തെ നല്ല സുഹൃത്തുക്കളോടൊപ്പം മൂന്നു ദിവസം ചിലവഴിച്ചതുമെല്ലാം ഇത്ര വിശദമായി എഴുതണമായിരുന്നോ? കൂനിന്മേല്‍ കുരു എന്നു പറഞ്ഞപോലെ അഭിലാഷങ്ങള്‍ കൊടുത്ത ചരിത്ര സംഭവം വായിക്കാനുമിടയായി. എല്ലാംകൂടി തലക്കകത്തൊരു ചുറ്റിത്തിരിച്ചില്‍. ബാക്കിപത്രം നിങ്ങള്‍ വായിച്ചുവല്ലോ?സ്നേഹം നിറഞ്ഞ ദുബായിലെ സുഹൃത്തുക്കളെ പരിചയപ്പെടാന്‍ തോന്നുന്നു. വെറുതെ.. ഒന്നുമില്ലെങ്കില്‍ ഒരു ദിവാസ്വപ്നത്തില്‍ കൂട്ടാവുമല്ലോ?

10 comments:

ശ്രീ said...

കൊള്ളാം മാഷേ...
ഉപബോധമനസ്സിലും ബൂലോകം നിറഞ്ഞു നില്‍ക്കുകയാണല്ലേ? അവിടുത്തെ സൌഹൃദവും... കൊള്ളാം.
:)

ദാസ്‌ said...

ശ്രീ : ഇതെന്തൊരെ സ്പീഡ്‌... ഇങ്ങനെ പോയാ എവടെങ്കിലും ഇടിച്ചേ നിക്കൂ കേട്ടാ. കൊറച്ചു കാലത്തിനു ശേഷം കണ്ടപ്പ വല്യ തന്തോഷം...

Unknown said...

നന്നായി..ഡ്രാക്കുള സീരീസ് ഓഫീസ്സിലിരുന്നു വായിക്കാഞ്ഞത്....;)
അപ്പോ ഇതാണല്ലേ പലരും ബ്ലോഗ് വയിച്ചു പണിപോകാറായി...ബ്ലോഗ് വായിച്ചുപണിപോകാറായി എന്നു പറയുന്നത്..ഊം..
(ജോലി കിട്ടീട്ടു വേണം പരീക്ഷിക്കാന്‍)

പാമരന്‍ said...

:)

Murali K Menon said...

എവടെ ജോലിക്ക് കേറിയാലും അവടെയിരുന്ന് സ്വപ്നം കാണ്വാന്നുള്ള സ്വഭാ‍വം ഇതുവരെ മാറീട്ടില്യ അല്ലേ.... എന്റെ ഈശ്വരാ ഈ സ്ഥാപനോം അടുത്ത് വിടുംന്ന് മനസ്സിലായി. എന്നട്ട് കുറ്റം മുഴുവനും കോമരത്തിനും. കെടക്കട്ടെ. പിന്നെ കുറുമാന്റെ കാര്യായതോണ്ട് ഞാന്‍ വായിച്ചു തൊടങ്ങീപ്പഴേ വിശ്വസിച്ചു ട്ടാ... പിന്നെ ആണ് ദാസ് ആളെ വട്യാക്കീതാണെന്ന് മനസ്സിലായത്....
സ്വപ്നം കാണണേന് പ്രയോജനംണ്ട് ---- അതോണ്ട് സ്വപ്നം അസാരം ആവാം. ഹൈ...

കുറുമാന്‍ said...

ദൈവമേE, കണ്ണികണ്ട സ്വപ്നോം കണ്ട് പണി കളഞ്ഞിട്ട്, കുറ്റും എന്റെ ക്ലീന്‍ തലേല് വച്ചേക്കരുതേ....

ദാസ്‌ said...

ആഗ്നേയ - ജോലികിട്ടിയാലുടന്‍ അറിയിക്കുക വേറെയും ചില കലാപരിപാടികളുണ്ട്‌ ചെയ്യാനായി. പിന്നെ ബ്ലോഗ്‌ വായിച്ച്‌ ആരുടെയും പണി പോയതായി ഇതുവരെ വായിച്ചില്ല. ഇനി ആരേങ്കിലും അങ്ങിനെ പറഞ്ഞാല്‍ അത്‌ പൊങ്ങച്ചമായി കരുതിയാലും തെറ്റില്ല.
മുരളീഭായ്‌ - എവടിരുന്നാലും സ്വപ്നം കാണാന്‍ കഴിയുന്നത്‌ നല്ലതാണെന്നൊക്കെ പറഞ്ഞിട്ടിപ്പൊ കാലുമാറിയൊ? അസൂയ സഹിക്കാഞ്ഞിട്ടാണ്‌ കോമരത്തിന്റെ വാളില്‍ കേറിപ്പിടിക്കാമെന്നു കരുതിയത്‌. എന്റെ അസൂയക്കും, കുറുമാന്റെ കഷണ്ടിക്കും മരുന്നുണ്ടെങ്കില്‍ കുറിക്കുക.
കുറുമാന്‍ - നിങ്ങളുടെ സ്നേഹവും, ആഥിത്യവുമെല്ലാം മുരളി വിശദമായി എഴുതിയപ്പോള്‍ തുടങ്ങിയ അസൂയയാണ്‌. പണിയോന്നും പോവില്ലെന്നെ... പിന്നെ ഇത്രയും നല്ല ക്ലീന്‍ തലയുള്ളപ്പോള്‍ ഞാനെന്തിനാ വേറുതെ അന്വേഷിച്ച്‌ സമയം കളയണ്‌.
(കുറുമാന്‍ കഥകള്‍ വായിക്കാറുണ്ട്‌. അവിടെ വല്യ തിരക്കായകാരണാ ഒന്നുമെഴുതാത്തത്‌)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സ്വപ്നം കലക്കി.മുരളി മാഷിന്റെ കാര്യം.സ്വപ്ന വിവരണം അയാച്ചാലും പോസ്റ്റ് നന്നായിട്ടുണ്ട്.

Jayasree Lakshmy Kumar said...

ദാസ് ജോലിത്തിരക്കിലാണ്

kariannur said...

നന്നായി