ഉച്ചക്ക് സ്കൂളിൽ നിന്നും ഓടി വീട്ടിലെത്തിയതാണ്. പതിവിലും വിശപ്പുണ്ടായിരുന്നുതാനും. ഗേറ്റു കടന്നപ്പോഴേക്കുംതന്നെ ഉച്ചത്തിൽ തുടരെത്തുടരേയുള്ള ചുമയുടെ ശബ്ദം കേട്ടതോടെ ഓട്ടത്തിൻ്റെ വേഗത കുറഞ്ഞു. ഇന്നയാൾ വന്നിട്ടുണ്ട്. എങ്ങിനെയെങ്കിലും മുന്നിൽപ്പെടാതെ അകത്തു കയറണം. മുന്നിലെങ്ങാനും പെട്ടാൽ പിന്നെ ഉടനൊന്നും ഊണുകഴിക്കാനാവില്ല. തുടർച്ചയായ ചുമക്കിടക്കെപ്പോഴേങ്കിലും അവ്യക്തമായി വീഴുന്ന വാക്കുകൾ നല്ലോണം ശ്രദ്ധിച്ചാലേ മനസ്സിലാവു. മറുപടി പറഞ്ഞ് വേണം അകത്തുകയറാൻ .അല്ലെങ്കിൽ ചീത്ത കേൾക്കേണ്ടി വരും. വല്ലാത്ത ദേഷ്യമാണ് ചിലപ്പോൾ. മറ്റു ചിലപ്പോൾ വലിയ സ്നേഹവും . നൊസ്സൻ സഖാവെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. നടത്തത്തിൻ്റെ വേഗത വള്ളി ചെരുപ്പിൽ നിന്നും ശബ്ദമുയരാത്ത വിധം പതുക്കെയാക്കി പിൻവാതിൽ വഴി അടുക്കളയിലെത്തി.
ആശ്വാസത്തോടെ അടുക്കളയിലെത്തിയ ഉടൻതന്നെ ഊണു തുടങ്ങി. ഉമ്മറത്ത് അമ്മ അയാളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ്. ഊണ് കഴിഞ്ഞ് പതുങ്ങി പതുങ്ങി അകത്തേ മുറിയിലേക്ക് കഷ്ടിച്ചു കടന്നതും അമ്മയുടെ കണ്ണിൽപ്പെട്ടു. രക്ഷപ്പെടാൻ ഒരു കാരണം നോക്കിനിൽക്കുന്ന അമ്മയാവട്ടെ എനിക്കു ചോറു തരാനെന്നു പറഞ്ഞ് അകത്തു കയറി. ഉടൻ തന്നെ ഉമ്മറത്തു നിന്നും വിളി തുടങ്ങി. കേൾക്കാത്ത ഭാവത്തിൽ അടുക്കള വഴി പുറത്തേക്കോടി, വീടു ചുറ്റി വീണ്ടും റോഡിലേക്കിറങ്ങി. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്തതിനാൽ കൂട്ടുകാരൻ്റെ വീട്ടിലേക്ക് നടന്നു.
അയാളെ എനിക്കു പേടിയാണ്. എന്തിനാ പേടിക്കുന്നതെന്നു ചോദിച്ചാൽ അറിയുകയുമില്ല. മിക്കവാറും സ്നേഹത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളു. പക്ഷേ പറയുന്നത് പകുതിയും മനസ്സിലാവില്ല. മറുപടി കിട്ടിയില്ലെങ്കിൽ പിറുപിറുക്കും. ചിലപ്പോൾ ഒച്ച വെക്കും. പിന്നെ അയാൾക്ക് നൊസ്സാണെന്ന നാട്ടുകാരുടെ പറച്ചിലും അതൊക്കെയാവാം പേടിക്കു കാരണം.
വല്ലപ്പോഴും ഒരു മുന്നറിയിപ്പുമില്ലാതെയാണ് അയാൾ കയറി വരിക. ബന്ധുക്കളായി ഏറെപ്പേർ ഉണ്ടെങ്കിലും ആർക്കും അയാളെ ഇഷ്ടമല്ല. തെണ്ടി നടക്കുന്ന, കുടുംബത്തിന് ഒരു ഗുണവുമില്ലാത്തയാൾ. മറ്റാരുടെ വീട്ടിലും അയാൾ പോവാറുമില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞങ്ങളുടെ വീട്ടിൽ വരുന്ന വിരലിലെണ്ണാവുന്ന ബന്ധുക്കളിൽ ഒരാൾ. അമ്മക്ക് അയാളോട് പ്രത്യേകിച്ച് അനിഷ്ടമൊന്നുമില്ല. പ്രായാധിക്യത്തിൻ്റെ അവശതകൾ മനസ്സിലാക്കി വേണ്ടതു ചെയ്തു കൊടുക്കാനും മടിയില്ല. അതു കൊണ്ടു തന്നെ ബന്ധുക്കളിൽ പലർക്കും അമ്മയോട് അനിഷ്ടമുണ്ടുതാനും. വന്നാൽ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തോന്നുമ്പോൾ ഒരിറങ്ങിപ്പോക്കാണ്. എവിടെ നിന്നാണ് വന്നതെന്നതറിയാത്ത പോലെ എവിടേക്കെന്നറിയാത്ത യാത്ര. ചോദ്യങ്ങൾ ഇഷ്ടമല്ല.
അയാൾ വന്നാൽ പിന്നെ ആകെ ബഹളമാണ്. രാത്രിയിലാണ് ഏറെ പേടി തോന്നുക. ഉറക്കമില്ലാതെ നിർത്താതെയുള്ള ചുമയും കഫം തുപ്പിക്കളയുന്നതിൻ്റെ കോലാഹലങ്ങളും. മുറ്റം നിറയുന്ന ബീഡി കുറ്റികളുടെ കൂമ്പാരം. ആർക്കും ഉറങ്ങാൻ കഴിയില്ല. പാതിരാത്രി ആവുമ്പോഴെക്കും ഉറക്കെയുറക്കെ വിളിച്ചുതുടങ്ങും. രാത്രിയിലെപ്പോഴെങ്കിലുമൊക്കെ അയാൾ ഇറങ്ങിപ്പോവുമെന്നതിനാൽ ഉമ്മറത്തു നിന്നും അകത്തേക്കുള്ള വാതിൽ അടച്ചാണ് ഞങ്ങൾ കിടക്കുക. വിളിച്ച് കുറച്ചു നേരമായിട്ടും പ്രതികരണം ഇല്ലാഞ്ഞാൽ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കും. രണ്ടു മണി വരെയൊക്കെ മിണ്ടാതെ കിടക്കും അതു കഴിഞ്ഞാൽ അമ്മയെഴുന്നേറ്റു ചായയുണ്ടാക്കി കൊടുക്കും. ചില രാത്രികളിൽ പലവട്ടം ആവർത്തിക്കും ഈ ബഹളങ്ങൾ.
ഞങ്ങളുടെ നാട്ടിൽ ആകെ ഒരു നക്സലൈറ്റേ ഉണ്ടായിരുന്നുള്ളു. മാണിക്കേട്ടൻ . കുട്ടികൾ ഊണുകഴിക്കാതിരിക്കുകയോ, വികൃതി കാട്ടുകയോ ചെയ്താൽ മുതിർന്നവർ നക്സലൈറ്റ് മാണിക്കേട്ടനെ വിളിക്കുമെന്നു പറഞ്ഞാണ് പേടിപ്പിച്ചിരുന്നത്. മാണിക്കേട്ടനെ എല്ലാവർക്കും പേടി കലർന്ന ബഹുമാനമാണ്. ഒത്ത ഉയരവും തടിയുമുള്ള മാണിക്കേട്ടൻ രാവിലേയും വൈകുന്നേരവും വീട്ടിനു മുന്നിലൂടെ ആരേയും കൂസാത്ത ഭാവത്തിൽ കൈയും വീശി നടന്നുപോകുന്നത് ഞങ്ങൾ ഒളിച്ചു നിന്നു കാണാറുണ്ടായിരുന്നു. അറിയാതെ മുന്നിലെങ്ങാനും പെട്ടാൽ തല താഴ്ത്തി പതുക്കെ നടന്നു, ആളെ കടന്നാൽ പിന്നെ ഒറ്റ ഓട്ടത്തിന് വീട്ടിലെത്തുകയുമായിരുന്നു പതിവ്. മാണിക്കേട്ടൻ ആരുടേയും വീട്ടിലേക്ക് വെറുതെ കേറിച്ചെല്ലുന്ന പതിവുമില്ലായിരുന്നു. അയൽപക്കങ്ങളിലെ ചെറിയ വഴക്കുകൾക്ക് തീർപ്പുകല്പിക്കുന്നതും മാണിക്കേട്ടൻ തന്നെ. മാണിക്കേട്ടൻ തീർപ്പു കല്പിച്ചാൽ പിന്നെ ആർക്കും ഒന്നും പറയാനുള്ള ധൈര്യമുണ്ടാവില്ല. നക്സലൈറ്റുകളെ പൊതുവെ ഭയത്തോടെയാണെങ്കിലും ബഹുമാനമായിരുന്നു മിക്കവർക്കും.
അങ്ങിനെയിരിക്കെയാണ് നാട്ടിൽ നൊസ്സൻ സഖാവ് നെക്സലൈറ്റായിരുന്നു എന്ന കഥ പരക്കുന്നത്. എപ്പോൾ വേണമെങ്കിലും വീട്ടിൽ പോലീസുകാർ വരാമെന്നും ഞങ്ങളെയെല്ലാം അറസ്റ്റ് ചെയ്യുമെന്നും കൂട്ടുകാർ പറഞ്ഞതോടെ പേടി ഇരട്ടിയായി. വീടും വീട്ടുകാരേയും വിട്ട് നക്സലൈറ്റായി ജന്മിമാർക്കെതിരെ പോരാടുകയാണെത്രെ. വാഴയിലത്തണ്ട് നടുകീറി അതിൽ ബ്ലേഡ് കെട്ടിവെച്ചായിരുന്നുവെത്രെ ആക്രമണം. കൊലക്കേസിലുൾപ്പെടെ പ്രതിയാണെന്നും ഒളിച്ചു നടക്കുകയാണെന്നുമൊക്കെയായിരുന്നു കഥകൾ . അതിനാലാണെത്രെ ഒരിടത്തും കൂടുതൽ ദിവസം താമസിക്കാത്തതും. പോലീസുകാരുടെ മർദ്ദനമേറ്റാണെത്രെ നിത്യരോഗിയായത്. പല കേസുകളിൽ പ്രതിയായിരുന്ന മാണിക്കേട്ടൻ ആരേയും പേടിക്കാതെ ഞങ്ങളുടെ മുന്നിലൂടെ ദിവസവും നടന്നു പോവുന്നുമുണ്ട്. രണ്ടു പേരും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്. ഇതു കൂടി കേട്ടതോടു കൂടി ഭയം ഇരട്ടിച്ചു. ഇനി അയാളെ വീട്ടിൽ കേറ്റരുതെന്നു പറഞ്ഞ് ആവുംവിധം ലഹളയുണ്ടാക്കി. എന്തു കാര്യം ആരു കേൾക്കാൻ . അയാളുടെ മുന്നിലെങ്ങാനുമെത്തിയാൽ പേടിച്ച് വാക്കുകൾ തൊണ്ടയിൽ നിന്നും പുറത്തിറങ്ങില്ല..
പിന്നെയും പലകുറി അയാൾ വീട്ടിൽ വന്നു. പല കുറി പോലീസുകാർക്ക് മുന്നിലൂടെ അയാൾ നടന്നുനീങ്ങി. അങ്ങിനെ ആ പേടിയെല്ലാം ഒരു വിധം മാറി. പിന്നീട് അയാൾ വന്നാൽ അത് കുറച്ചേറെ പൊലിപ്പിച്ച് അഭിമാനത്തോടെ കഥയായി കൂട്ടുകാരോട് .പറയാനും തുടങ്ങി. അവർക്കാർക്കും ബന്ധുവായി ഒരു നക്സലൈറ്റ് ഇല്ലല്ലോ.
കാലക്രമത്തിൽ അയാളുടെ വരവ് കുറഞ്ഞു. ഒഴിയാത്ത ചുമയും പ്രായത്തിന്റെ അവശതകളും അത്രയേറെ കൂടിയിരുന്നു. അലഞ്ഞു നടക്കാതെ എവിടെയെങ്കിലും കുടിക്കൂടെയെന്നു ചോദിച്ചാൽ വെളുക്കെ ചിരിക്കും. കണ്ണുകൾ നിറയും. അവശനായി ആരുടേയും കരുണക്ക് തല കുനിക്കാൻ അപ്പോഴും അയാൾ തയ്യാറല്ലായിരുന്നു.
പിന്നീടെന്നോ അയാളെക്കുറിച്ച് കേൾക്കുന്നത് പത്രവാർത്തയിലെ ചരമക്കോളത്തിലെ ചെറിയൊരു വാർത്തയിലാണ്.
റെയിൽവേ സ്റ്റേഷനിലെ ബഞ്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. ആദ്യകാല കമ്മ്യൂണിസ്റ്റു പ്രവർത്തകനും നക്സൽ പ്രസ്ഥാനത്തിന്റെ സഹയാത്രികനുമായിരുന്നു. മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ആളെത്തിരിച്ചറിയാൻ കഴിഞ്ഞത്. ഏറ്റെടുക്കാൻ ആരുമില്ലാത്തതിനാൽ പൊതുസ്മശാനത്തിൽ സംസ്കരിച്ചു.
പൊരുതി ജീവിച്ച് അജ്ഞാതനായി മരണപ്പെട്ട ഒരു നക്സലൈറ്റ് അഥവാ സഖാവ്. ഞങ്ങളെത്തേടിയെത്തുമായിരുന്ന അപൂർവ്വ അഥിതി. കണ്ണുകൾ നിറഞ്ഞിരുന്നോ? എന്തിനെന്നറിയാത്ത ദു:ഖം ഉള്ളിൽ നിറയുന്നതറിയുന്നു.
ദാസ്
Friday, September 10, 2021
നക്സലൈറ്റ്
Tuesday, June 30, 2020
ഓർമ്മചിത്രങ്ങൾ - ബാബു നാരായണൻ (സംവിധായകൻ)
ഇന്ന് ബാബുവേട്ടൻ ഓർമ്മയായിട്ട് ഒരു വർഷം. വളരെക്കുറച്ചു തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളു എങ്കിലും എനിക്കേറെ ഇഷ്ടമായിരുന്നു. സൗമ്യ ഭാഷണം, സന്തോഷം സ്ഫുരിക്കുന്ന മുഖം, മന്ദഹാസം എല്ലാം ആകർഷണീയങ്ങൾ തന്നെ. ഒട്ടുമിക്കവാറും ഏതെങ്കിലും വിശേഷങ്ങളിൽ പങ്കെടുക്കുമ്പോഴായിരിക്കും കൂടിക്കാഴ്ചകൾ .
അച്ചുമ്മാമന്റെ (കൊടിക്കുന്നത്ത് അച്ച്യുത പിഷാരടി) നൂറാം പിറന്നാൾ . വേദിയിൽ അനുമോദത്തിന്റെയും ആശംസകളുടേയും ഒഴിമുറിയാ പ്രവാഹം. സദസ്സിന്റെ പിൻനിരയിൽ ഇരിക്കുന്നു ബാബുവേട്ടൻ. സാധാരണ ഇത്തരം ദിവസങ്ങളിൽ സ്റ്റേജിലും സ്റ്റേജിനു പിറകിലും ഓടി നടക്കുന്നതാണ് കാണാറ്. ഉത്സാഹികൾ ധാരാളമുള്ളതിനാലാവാം ഈ സ്വസ്ഥത.
ഞാൻ പതുക്കെ അടുത്തു ചെന്നിരുന്നു. പതിവു പോലെ ഒരു ചിരി സമ്മാനം. എന്നെ തിരച്ചറിഞ്ഞില്ലേ എന്നാരു സംശയം. പതുക്കെ ഞാൻ സംസാരിച്ചു തുടങ്ങി. സത്യത്തിൽ അപ്പോഴാണ് ബാബുവേട്ടൻ എന്നെ ശ്രദ്ധിച്ചത്.
"ഇങ്ങനെ ഒരു വേഷത്തിൽ പ്രതീക്ഷിച്ചില്ല. ജുബ്ബയിട്ടെ കണ്ടിട്ടുള്ളുവല്ലോ?" തെല്ലൊരു സന്ദേഹത്തോടെയുള്ള ചോദ്യം.
"രാവിലെ കുറച്ച് ഉത്സാഹമുണ്ടായിന്നു . അതിന് ഈ വേഷമാ നല്ലതെന്ന് തോന്നി" ചെറു ചിരിയോടെ എന്റെ മറുപടി.
പിന്നെയെല്ലാം പതിവു പോലെ . കുശലാന്വേഷണങ്ങൾ, സിനിമാ, സാഹിത്യം, സംഗീതം ഇടതടവില്ലാതെയുള്ള ചർച്ചകൾ .
" ഒരു പുതിയ സിനിമ ചെയ്യാൻ വിചാരിച്ചിരുന്നു. ചെമ്പൈ സ്വാമിയെക്കുറിച്ച്" ബാബുവേട്ടൻ മനസ്സു തുറക്കുകയാണ്.
" ഞങ്ങൾ ബോംബെയിൽ നിന്ന് ചെമ്പൈ സ്വാമിയുടെ ജീവിതത്തെയും സംഗീതത്തേയും ആസ്പദമാക്കി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പാവന ഗുരു - അറിഞ്ഞിരുന്നെങ്കിൽ ഞാൻ കയ്യിൽ കരുതിയേനെ." എന്റെ പരിഭവം.
"സ്വാമിയുടെ ശിഷ്യന്മാരുടെ ലേഖനങ്ങളൊക്കെ ഉള്ളതല്ലേ? ഞാനത് പാലക്കാട് ശാന്താ ബുക്സ്റ്റാളിൽ നിന്നും വരുത്തി. ബോംബെയെന്നു കണ്ടിരുന്നു പക്ഷേ അത് തന്റെയാണെന്ന് അറിഞ്ഞില്ല."
"എന്നിട്ട് എത്രത്തോളമായി. തിരക്കഥ തുങ്ങിയോ?" എന്റെ കൗതുകം .
ഒരു ഹൃദ്യമായ ചിരിയുടെ അകമ്പടിയോടെ "ഇത്ര ശുദ്ധനായ ഒരാളെക്കുറിച്ച് സിനിമ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഒരാൾക്ക് ഇത്ര സാത്വികനായി ഒരു കുട്ടിയേപ്പോലെ എങ്ങിനെ ഈ വയസ്സു വരെ ജീവിക്കാനായി എന്നതാണ് അത്ഭുതം. എത്ര ആലോചിച്ചിട്ടും വ്യക്തത വരുന്നില്ല. കുറേ പേരോട് സംസാരിച്ചു എല്ലാവർക്കും പറയാനുള്ളതേതാണ് ഒന്നു തന്നെ. ഇനി വേണമെങ്കിൽ കുറച്ചു കൂടി ശ്രമിച്ചാൽ ഒരു ഡോക്യുമെന്ററി ചെയ്യാം അതെ നടക്കൂ"
പിന്നേയും ഏറെ കാര്യങ്ങൾ ചർച്ച ചെയ്ത് ഊണും കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
"ഇനി ഈ വേഷത്തിലായാലും ഓർമ്മയുണ്ടാവുംട്ടോ." ചെറു ചിരിയോടെയുള്ള യാത്രാമൊഴി.
അങ്ങിനെ ബാബുവേട്ടൻ എറെ ആഗ്രഹിച്ച ആ ജീവചരിത്രം വെറും മോഹമായി അവശേഷിച്ചു. എത്ര തീക്ഷണമായിരുന്നു ആ ആഗ്രഹമെന്നത് അന്നത്തെ വാക്കുകളിൽ പ്രകടമായിരുന്നു. അതിനുശേഷം ഒരു മുഴുനീള സിനിമ മാത്രം. എല്ലാവരും യാത്രയാവുന്നത് ഇങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കിവെച്ചായിരിക്കും അല്ലേ?
ഓർമ്മയിൽ ഒരുമിച്ചു കഴിഞ്ഞ ഓരോ നിമിഷവും തെളിമയോടെത്തന്നെ ഉണ്ട്. മരണമില്ലാത്ത ഓർമ്മകൾ ...
പ്രണാമം.
Subscribe to:
Posts (Atom)