Friday, July 20, 2007

വ്യക്തിചിത്രങ്ങള്‍ - പി. കുഞ്ഞിരാമന്‍ നായര്‍

കവിയുടെ കാല്‍പ്പാടുകള്‍ തേടി

ജീവിതത്തിന്റെ വലിയൊരളവ്‌ നിത്യകന്യകയെത്തേടി നടന്ന നിത്യകാമുകന്‍...
കണ്ടും പ്രണയിച്ചും മതിവരാതെ, രാപ്പകലില്ലാതെ, കാലദേശങ്ങളില്ലാതെ അലഞ്ഞവന്‍...
കൈ നിറയെ പണമുണ്ടായിട്ടും കയ്യിലൊന്നും ബാക്കിയില്ലാത്ത ഓട്ടക്കയ്യന്‍...
വിശേഷണങ്ങള്‍ക്ക്‌ വിരാമമില്ല. മലയാളത്തിന്റെ പ്രിയകവി കുഞ്ഞിരാമന്‍ നായര്‍ ഇതെല്ലാമായിരുന്നു. പി എന്ന ഒറ്റ അക്ഷരത്തില്‍ പ്രസിദ്ധനായ കവി.

ഒരു നൂറ്റാണ്ടുമുമ്പ്‌ കാസര്‍കോട്‌ ജില്ലയിലെ കാഞ്ഞങ്ങാടാണ്‌ ആ നക്ഷത്രമുദിച്ചത്‌. പട്ടാമ്പി സംസ്കൃത കോളേജില്‍ പഠിക്കുന്നതിനിടക്ക്‌ പഠിപ്പു നിര്‍ത്തി ദേശാടനത്തിനിറങ്ങി. വളരെച്ചെറുപ്പം മുതലേ കുഞ്ഞിരാമന്‍ കവിതകളെഴുതിയിരുന്നു. ആദ്യമെല്ലാം ഭക്തിയായിരുന്നു പ്രതിപാദ്യമെങ്കില്‍, കാലത്തിനൊപ്പം പ്രകൃതിയും മനുഷ്യമനസ്സുകളുടെ ആത്മാവായ കാല്‍പനികതയും സ്വാതന്ത്ര്യ സമരകാലത്ത്‌ സാമൂഹിക അവസ്ഥകളും എല്ലാം കവിയുടെ കവിതകളില്‍ വന്നു നിറഞ്ഞു. ഒരിക്കലും ശാന്തമാവാത്ത മനസ്സായിരുന്നു കവിയുടേത്‌. ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക്‌ അവസാനിക്കാത്ത യാത്ര.. അനുഭവങ്ങളുടെ ചൂടു തേടി. പലയിടത്തും സംബന്ധങ്ങളും അസംബന്ധങ്ങളും ഒക്കെയുണ്ടായി. അവര്‍ക്കാര്‍ക്കും കവി ആഗ്രഹിച്ച ജീവിതമോ, സ്വസ്ഥതയോ നല്‍കാനുമായില്ല. അന്നത്തെ സാമൂഹിക അവസ്ഥയുടെ ഒരു പരിച്ഛേദം കൂടിയാണ്‌ കവിയുടെ സ്വകാര്യ ജീവിതം. സ്നേഹം തുളുമ്പുന്ന അമ്മ, കര്‍ക്കശക്കാരനായിട്ടും ഏക മകന്റെ വഴി വിട്ട യാത്രയില്‍ അസ്വസ്ഥനായ അച്ഛന്‍ ജീവിതത്തില്‍ വന്നിറങ്ങിപ്പോയ ഭാര്യമാര്‍, കാമുകിമാര്‍.. ആര്‍ക്കും കവിയെ ഉള്‍ക്കൊള്ളാനായില്ല. അശാന്തമായ മനസ്സിലെ അന്വേഷണം ജീവിതാവസാനം വരെ കൂട്ടു നിന്നു. വഴിയാത്രക്കിടയില്‍ കണ്ടുമുട്ടിയ ചില സുഹൃത്തുക്കളൂം.

ജീവിതത്തിന്റെ ഒരവസ്ഥയില്‍ ചാക്കില്‍ നിറച്ചു വെച്ച കവിതകള്‍ കീറക്കടലാസെന്നു കരുതി കത്തിച്ചു കളഞ്ഞ ഭാര്യയുടെ സ്നേഹം ഒരുകെട്ട്‌ നൂറിന്റെ നോട്ടുകള്‍ കത്തിപ്പോയെന്നു കേട്ടാല്‍പ്പോലും ഇത്രയും വേദനതോന്നില്ലെന്ന് കവിയുടെ ആത്മഗതം.. കവിതയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെയാണ്‌ വരച്ചുകാട്ടുന്നത്‌. കവിക്കും കവിതക്കും കാശില്ലാഞ്ഞിട്ടും നല്ല ഗദ്യങ്ങള്‍ എഴുതാന്‍ കഴിഞ്ഞിരുന്നിട്ടും, കവിത തന്നെയാണ്‌ തന്റെ സഖിയെന്ന് ഉറപ്പിച്ച പി. മലയാളത്തിനു നല്‍കിയത്‌ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഒരുപാട്‌ കവിതകളാണ്‌. പ്രകൃതിവര്‍ണ്ണന കവിതയില്‍ ഇത്രയും ആവാഹിച്ചിട്ടുള്ള മറ്റൊരു കവി ഉണ്ടെന്നു തോന്നുന്നില്ല. ഋതുഭേദങ്ങളുടെ വര്‍ണ്ണക്കാഴ്ചകള്‍ വരും തലമുറക്ക്‌ വാക്കുകളായി സൂക്ഷിക്കുകയാണ്‌ കവി ചെയ്തത്‌.

കവിയുടെ കാല്‍പ്പാടുകള്‍, എന്നെത്തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി തുടങ്ങി ആത്മകഥാ പരമായ ഗദ്യകൃതികളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്‌. ഗദ്യകൃതികളാണെങ്കിലും കവിത മുറ്റി നില്‍ക്കുന്ന വാക്കുകളുടെ പ്രവാഹമാണ്‌ അനുഭവിക്കാനാവുക. കവിത വായിക്കുന്ന സുഖത്തോടെത്തന്നെ ഈ ഗദ്യങ്ങളും വായിക്കാനാവും. താമരത്തോണി, വയല്‍ക്കരയില്‍, രഥോത്സവം, പൂക്കളം, കളിയച്ഛന്‍.. തുടങ്ങിയ കാവ്യസമാഹാരങ്ങളും, സമാഹരിക്കപ്പെടാത്ത അനേകം കവിതകളും അദ്ദേഹത്തിന്റെതായിട്ടുണ്ട്‌. കേരളത്തിന്റെ മുഴുവന്‍ സ്നേഹത്തിന്‌ പാത്രീഭൂതനായിട്ടുള്ള അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ്‌ പി. ജീവിതപ്പാതയില്‍ എന്നും തനിച്ചായിരുന്നിട്ടും കവിക്കു ചുറ്റും എന്നും തിരക്കായിരുന്നു. ഒന്നു കിട്ടുമ്പോള്‍ പത്തു ദാനം ചെയ്യുന്ന സ്വഭാവം കവിയെ നിത്യ ദാരിദ്ര്യത്തിലാഴ്ത്തി. എന്നിട്ടും കൂസലില്ലാതെ തന്റെ ഓട്ടക്കയ്യിനെ പരിഹാസപൂര്‍വ്വം മാറിനിന്ന് വീക്ഷിച്ചു. സ്വന്തം ജീവിതത്തെ മാറിനിന്ന് കണ്ട്‌ നിശിതമായി വിമര്‍ശിക്കാനും കവിക്കു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണ്‌ ആത്മകഥാപരമായ ഗദ്യകൃതികള്‍ മുഴുവനും കവിതക്കു സമാന്തരമായി കവിയുടെ ജീവിതത്തെ വെളിപ്പെടുത്തുന്നത്‌.

ഇന്നും പി യുടെ കവിതകള്‍ വായിക്കുന്നവര്‍ക്ക്‌ കവിയെ അറിയാന്‍ ആഗ്രഹമില്ലാതെ വരില്ല കവിയുടെ കാല്‍പ്പാടുകള്‍ തേടി യാത്രയാവുമ്പോള്‍ നാമെത്തിച്ചേരുക ജീവിതം കവിതക്കായി ഒഴിഞ്ഞുവെച്ച ഒരു നിത്യകാമുകന്റെ അടുത്താണ്‌. തന്നെത്തന്നെ തിരയുന്നതിനായി പരശ്ശതം കാതം നടന്ന് തളര്‍ന്ന കവി.

തീര്‍ന്നു മധുരവിഭവങ്ങളൊക്കെയും
ശൂന്യമായ്‌ മുന്തിരിപ്പാത്രങ്ങളൊക്കെയും
വന്നു നീ വൈകിയ വേളയില്‍, ക്കത്തിയ
ചന്ദനപ്പൂത്തിരി ചാരം മരിക്കവേ
എന്നു പാടി കവിയരങ്ങൊഴിഞ്ഞ കവിമുത്തച്ഛന്‍. വള്ളുവനാടിന്റെ വഴികളില്‍ യാത്ര ചെയ്യുമ്പോള്‍ തിരുവില്വാമലയിലെ ആല്‍ച്ചുവട്ടിലെത്തുമ്പോഴെല്ലാം ഒരു വല്ലാത്ത അസ്വസ്ഥതയായി ഉള്ളില്‍ നിറയുന്ന പി. അദ്ദേഹം സ്വപനം കണ്ടതേറെയും വള്ളുവനാട്ടിലിരുന്നായിരുന്നു. ആയുസ്സിന്റെ വലിയൊരു ഭാഗം അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ വള്ളുവനാട്‌. ജന്മശതാബ്ദി ആഘോഷിക്കുമ്പോഴും ഈ കളിയച്ഛനെ, കവിയുടെ മനസ്സിനെ മനസ്സിലാക്കുവാന്‍ ആര്‍ക്കെങ്കിലുമായോ? ഉത്തരം പറയാന്‍ കവിയില്ല. അദ്ദേഹം സമ്മാനിച്ച കവിതകള്‍ മാത്രം ബാക്കി. കാലാതിവര്‍ത്തിയായി കവിയുടെ കാല്‍പ്പാടുകള്‍ തേടുന്നവര്‍ക്ക്‌ വഴികാട്ടിയായി കവിയുടെ അസ്വസ്ഥത നെഞ്ചേറ്റുന്നവര്‍ക്ക്‌ ഒരിത്തിരി വെളിച്ചമായി മരണമില്ലാത്ത കവിതകള്‍.

6 comments:

Santhosh said...

നന്നായിരിക്കുന്നു. വളരെ നന്ദി.

Satheesh said...

വളരെ നല്ല പോസ്റ്റ്.
പി എന്ന ആ മഹാമനസ്സിനെ മനസ്സിലാക്കാന്‍ മലയാളിക്ക് ആയില്ല എന്നത് ഇന്നും ഒരു ദുഖസത്യം മാത്രം. ചുള്ളിക്കാടിന്റെ ‘സവര്‍ണ്ണ കവി‘ വിവാദം ഓര്‍മയില്ലേ!

കഴിഞ്ഞ പോസ്റ്റും വായിച്ചു. പലതും പുതിയ അറിവായിരുന്നു. നന്ദി.. അടുത്തതിനായി കാത്തിരിക്കുന്നു!

chithrakaran ചിത്രകാരന്‍ said...

പി യെക്കുറിച്ചുള്ള നല്ല കുറിപ്പ്‌. നന്ദി!!

വല്യമ്മായി said...

നല്ല പോസ്റ്റ്

ബൈജു (Baiju) said...

എങ്ങോ 'തിങ്കള്‍ ഭജനത്തിനു' പോയ കിന്നരകവി.
ഈ കുറിപ്പു നന്നായിരിക്കുന്നു......തുടര്‍ന്നും എഴുതുക....

-ബൈജു

Unknown said...

നാളെ മലയാളം പരീക്ഷ ആണ്. ഈ കുറിപ്പുകള്‍ ഒരുപാടു ഉപകാരപ്പെടും, ഉറപ്പാ. നന്ദി. :)