Thursday, July 19, 2007

വ്യക്തിചിത്രങ്ങള്‍ - മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി

കാലവര്‍ഷം

രാത്രി കനത്തുവരികയണ്‌. മഴയുടെ ശക്തി കൂടിവരികയാണ്‌. അവസാന വണ്ടിവരാറായിട്ടും ഉണ്ണിയെ കാണാനില്ല. ഇനി ഉണ്ണിക്കു വരാന്‍ കഴിയില്ലെന്നുണ്ടൊ? ഉത്തരമില്ലാത്ത ചോദ്യത്തിന്‌ വിരാമമായി അവസാന വണ്ടി കിതച്ചെത്തി. കൂടുതലൊന്നുമാലോചിക്കാതെ വണ്ടിയില്‍ കയറി. പിറ്റേന്നു കാലത്തെത്തുന്ന ജയന്തിയില്‍ വരുന്നവരെ കാത്തുനില്‍ക്കാമെന്നേറ്റിരുന്നു. ദാദറില്‍ വണ്ടിയിറങ്ങിയപ്പോള്‍ സ്റ്റേഷന്‍ പറിസരം തികച്ചും ശൂന്യം. തലയില്‍ കെട്ടുന്ന തോര്‍തഴിച്ച്‌ പുതച്ചുറങ്ങുന്ന ഏെതാനും പോര്‍ട്ടര്‍മാര്‍ മാത്രം. ഇനിയും ഒന്നു രണ്ടു മണിക്കൂര്‍ കഴിച്ചുകൂട്ടണം. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഉണ്ണി പതുക്കെ നടന്നെത്തി.എന്നോട്‌ കല്യാണ്‍ സ്റ്റേഷനില്‍ കാണാമെന്നു പറഞ്ഞതെല്ലാം ഉണ്ണി മറന്നിരുന്നു.

വണ്ടിയില്‍ നിന്നും സുസ്മേരനായി അയാള്‍ ദാദറിലെ നനവിലേക്കിറങ്ങി. കണ്ടതും കൈകള്‍ കൂട്ടിപിടിച്ച്‌ പതിഞ്ഞ ഒരു ചിരി. അല്‍പ്പം നാട്ടുവര്‍ത്തമാനങ്ങള്‍. കൂടെവന്നയാളെ വിശദമായി പരിചയപ്പെടുത്തല്‍... കുറച്ചു നേരംകൊണ്ടുതന്നെ തലേരാത്രിയിലെ വിഷമതകളെല്ലാം അലിഞ്ഞില്ലാതായി.

ജുഹുവിലെ വഴിവക്കിലെ ചായക്കടയില്‍ നിന്നും വിശാലമായി ചായ കുടിച്ച ശേഷം വീണ്ടും യാത്ര. അന്ധേരിയില്‍ എത്തിയപ്പോഴെക്കും കഥകളൊരുപാടു പറഞ്ഞുകഴിഞ്ഞിരുന്നു.

യാത്ര പറഞ്ഞിരങ്ങുമ്പോള്‍ പിന്‍ വിളിയായി ചോദ്യം. ഇനി ഞാന്‍ പോവും വരെ ഉണ്ണിയുടെ കൂടെയുണ്ടാവില്ലേ?'വന്നും പോയും പോയും വന്നും' കൂടെയുണ്ടാവുമെന്ന എന്റെ മറുപടി അയാളെ രസിപ്പിച്ചെന്നു തോന്നി.

പിറ്റേന്നു കാലത്ത്‌ ഉണ്ണിയുടെ വിളി. ഉച്ചക്ക്‌ ഡോംബിവലിയില്‍ കാണാമെന്നും, അവിടെനിന്നു വൈകുന്നേരം അന്ധേരിയിലേക്കു വരികയും വേണം. വൈകുന്നേരത്തെ തിരക്കില്ലാത്ത യാത്രയില്‍ കഥയുടെ ലോകത്തേ കഥകളും കഥക്കുപിന്നിലെ കഥകളുമായി... സമയവും ദൂരവും അപ്രസക്തമാവുബോള്‍ പറഞ്ഞു തീരാത്ത കഥകള്‍ ബാക്കി. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പെട്ടെന്നെന്തോ ഓര്‍ത്തപോലെ തിരിച്ചുവിളിച്ചു. 'നാളെ രാത്രി പരിപാടി കഴിഞ്ഞ്‌ അംബര്‍നാഥില്‍ നമുക്കൊന്നു കൂടിയാലോ?' 'ആവാം' എന്ന മറുപടിക്ക്‌ നിറഞ്ഞ ചിരി സമ്മാനം...

അയാളുടെ കഥകളിലെ സജീവ സാന്നിധ്യമായ അഥവാ സംഭവങ്ങളുടെ പശ്ചാത്തലമായ രാത്രി... ഉറക്കമൊഴിക്കലിന്റെ രസവുമായി അയാളും കേള്‍വിക്കാരായി ഞങ്ങള്‍ അഞ്ചുപേരും. കഥകള്‍ക്കിടക്ക്‌ വെളിപാടുപോലെ 'ദേവി നല്ലപൊലെ കവിത ചൊല്ലുമെന്ന് ഉണ്ണി പറഞ്ഞു. ഇനി ദേവിയുടെ കവിതയാവട്ടെ.' സ്നേഹത്തില്‍ പൊതിഞ്ഞ നിര്‍ബന്ധം. മടിച്ചു മടിച്ചു ദേവി കവിത ചൊല്ലി.

ഒളപ്പമണ്ണ കവിതകളുടെ സൌ ന്ദര്യത്തെക്കുറിച്ച്‌ ഒരു നീണ്ട പ്രഭാഷണം. അതിനുശേഷം ഒരു കവിത. അയാളുടെ കഥകള്‍ മാത്രം കേട്ടു ശീലിച്ച ഞങ്ങള്‍ക്ക്‌ ഒരുഗ്രന്‍ വിരുന്നുകിട്ടിയ പ്രതീതി. 'കഥ മാത്രമല്ല കവിതയും എനിക്കു വഴങ്ങുമെന്ന് ഒരു തുടര്‍ ചിരി.

കൂടിച്ചേരലിന്റെ രസച്ചരടറുത്ത്‌ രാത്രിയുടെ അവസാന യാമത്തില്‍ ഞാന്‍ യാത്ര പറഞ്ഞു. തീരെ സമ്മതമില്ലാതെ എന്റെ പിടിവാശിക്ക്‌ സമ്മതമായി നിശ്ശബ്ദ യാത്രാമൊഴി.

വേനല്‍

‍രാവിലെത്തന്നെ മറക്കാതെ വിളിച്ചു. ഉച്ചയുറക്കം ഭംഗിക്കാന്‍ ഞാന്‍ ചെല്ലുമെന്നു പറഞ്ഞു. കത്തുന്ന വെയിലില്‍ ബസ്സിറങ്ങി, വയലുകള്‍താണ്ടി വീട്ടിലെത്തുമ്പോള്‍ വരാന്തയിലെ ചാരുകസേലയില്‍ വഴിക്കണ്ണുമായി അയാള്‍. ഒരു നീണ്ട യാത്ര കഴിഞ്ഞെത്തിയിട്ട്‌ അധികമായില്ലെന്നു പരാതി പറയുന്ന ചിതറിക്കിടക്കുന്ന മാസികകളും എഴുത്തുകളും.

ബൊംമ്പെയില്‍ പറഞ്ഞു തീരാത്ത കഥകള്‍ കേള്‍ക്കാന്‍ പോയതാണ്‌. കൂടാതെ ബൊംമ്പെയില്‍നിന്നും ഇറങ്ങുന്ന മാസികക്ക്‌ അയാളുടെ അഭിമുഖം വേണമെന്ന് പറഞ്ഞത്‌ ഒരു ദൌത്യമായി ഞാന്‍ എറ്റെടുത്തിരുന്നു. ചെന്നയുടന്‍ തന്നെ അഭിമുഖത്തിന്റെ കാര്യം എടുത്തിട്ടു. അല്‍പനേരത്തെ നിശ്ശബ്ദത. 'എതായാലും കുറച്ചുകാലത്തിനു ശേഷം കാണുകയല്ലേ, നമുക്കല്‍പ്പം സംസാരിച്ചിരിക്കാം.അതുകഴിഞ്ഞാവാം അഭിമുഖമെല്ലാം. സൌമ്യമായ വാക്കുകള്‍. മണിക്കൂറുകള്‍ നീങ്ങിയതറിയാതെ കഥകളുടെ മാസ്മരികതയില്‍ മുങ്ങിയ എന്നെ ഉണര്‍ത്തിയത്‌ 'സന്ധ്യയാവാറായി.. നമുക്കൊന്നു നടക്കാനിറങ്ങിയാലോ' എന്ന അയാളുടെ ചോദ്യമാണ്‌. സ്വന്തം കഥയുടെ പശ്ചാത്തലത്തിലേക്ക്‌ കഥാകൃത്ത്‌ നടന്നിറങ്ങുന്നത്‌ പുതിയ കഥകള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ തേടിയാണ്‌.

യാത്രപറയുന്നതിന്‌ ആമുഖമായി വീണ്ടും ബൊംമ്പെയിലേക്കു ക്ഷണിച്ചു. ഉണ്ണിയോടൊപ്പം കുറച്ചു ദിവസം വന്നു നിന്നുകൂടെ എന്ന ചോദ്യത്തിന്‌ മറ്റൊരു കഥ മറുപടിയായി - ചുറ്റിലും മലകള്‍ കാവല്‍ നില്‍ക്കുന്ന ഈ താഴ്വാരത്തില്‍ കഴിയുമ്പോള്‍ വല്ലാത്ത സുരക്ഷിത ബോധമാണ്‌. പലപ്പോഴും ഈ ബന്ധനത്തില്‍ നിന്ന് കുതറി മാറാന്‍ ശ്രമിച്ചിട്ടുണ്ട്‌. എവിടെപ്പോയാലും കുറച്ചുകഴിയുമ്പോള്‍ വല്ലാത്തൊരസ്വസ്ഥത, തിരിച്ചിവിടെയെത്തുന്നവരേക്കും. ഈ നാടും നാട്ടുകാരുമണ്‌ എന്റെ കഥയില്ലായ്മകള്‍ ഇവിടം വിട്ട്‌ എങ്ങോട്ടും പോവാന്‍ കഴിയുന്നില്ല.

കഥകളില്‍ നിറഞ്ഞ, കഥ നിറഞ്ഞ വീഥികളില്‍ ഒരുമിച്ചു നടക്കുമ്പോള്‍ ഞാനും ആ ഹൃദയബന്ധം അറിയുകയായിരുന്നു.

മുകളിലെ തണുത്തുറഞ്ഞ കാലവര്‍ഷത്തിലും, കത്തിയെരിയുന്ന വേനലിലും നിറഞ്ഞ സാന്നിധ്യമായ അയാള്‍ കഥാകൃത്തായ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി തന്നെ.

ജീവിതം ഒരു ചെറുകഥപോലെ...
വാക്കുകളുടെ ആധിക്യമില്ല...
തെളിമയുള്ള ചിന്തപോലും പൂര്‍ണ്ണമായി പകരാതെ മറ്റുള്ളവരുടെ വിചാരങ്ങള്‍ക്ക്‌ വിട്ടുകൊടുക്കുന്ന രീതി...
കൃഷ്ണന്‍ കുട്ടിയേട്ടന്റെ എന്തു പ്രത്യേകതയാണ്‌ എന്നെ ആകര്‍ഷിച്ചത്‌? എപ്പോഴും പ്രസന്നമായ ഭാവമാണോ? സൌമ്യമായ മുഖം നിറഞ്ഞിറങ്ങുന്ന ചിരിയാണോ? പതിഞ്ഞ നിറുത്തി നിറുത്തിയുള്ള സംസാരമോ അതൊ കഥകള്‍ക്കിടക്ക്‌ പെട്ടെന്ന് നിശ്ശബ്ദമാവുന്ന, മറ്റേതോ ലോകത്തേക്ക്‌ യാത്രയാവുന്ന, മറ്റേതോ സ്വരത്തിനു കാതോര്‍ക്കുന്ന അര്‍ധവിരാമങ്ങളുടെ തുടര്‍ച്ചയാണൊ അറിയില്ല. നിറഞ്ഞ സ്നേഹവും, എല്ലാവരോടും സൌമ്യമായി പെരുമാറാനുള്ള കഴിവും ഓര്‍ക്കാതിരിക്കാനാവില്ല.

അധ്യാപനത്തിലൂടെ സ്വായത്തമാക്കിയ സംവേദന രീതികള്‍ ജീവിതത്തിലും, കഥകളിലും യഥേഷ്ടം ഉപയോഗിക്കുകയയിരുന്നു. അനവസരത്തില്‍ അര്‍ഥവിരാമമിടുന്ന വാക്കുകള്‍ പോലും മൌനത്തിലൂന്നിയ വചാലതയിലൂടെ പൂര്‍ണ്ണത പ്രാപിക്കുന്നതിന്‌ എത്രയോതവണ സാക്ഷിയാവാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്‌. ഒട്ടുമിക്ക കഥകളിലും കഥാപാത്രമാവുന്നത്‌ 'ഞാനും' 'അയാളു' മാണ്‌. ഇതിലെ ഞാന്‍ കഥാകൃത്താവാം, വായനക്കാരനാവാം അതുമല്ലെങ്കില്‍ പേരില്‍ പ്രസക്തിയില്ലാത്ത കഥാപത്രമാവാം. ജീവിതതില്‍ നിന്നും കഥകളെ വേര്‍തിരിക്കാന്‍ കഴിയാത്ത അസ്വസ്ത മനസ്സിന്റെ പ്രതീകം കൂടിയാവാം ഒരുപക്ഷേ 'ഞാന്‍' എന്ന കഥാപാത്രം. എഴുതാനായി എഴുതുക എന്നതല്ല മറിച്ച്‌ എഴുതാനാവാതെ വയ്യെന്ന് തോന്നുമ്പൊള്‍ മാത്രം എഴുതുക എന്നതായിരുന്നു കൃഷ്ണന്‍ കുട്ടിയേട്ടന്റെ രീതി. അതുകൊണ്ടാവാം കുറച്ചു കഥകളും, എതാനും ലഘു നോവലുകളും വായനക്കാര്‍ക്കായി സമര്‍പ്പിച്ച്‌ എഴുത്തിന്റെ തട്ടകത്തില്‍നിന്നും അഭിനയ രംഗത്തേക്ക്‌ ചുവടുമാറ്റം.

സീരിയല്‍ അഭിനയം പാലക്കാടന്‍ മണമുള്ള കഥകള്‍ക്ക്‌ അര്‍ധവിരാമമിടുന്നു എന്ന എന്റെ പരാതിക്ക്‌ മറ്റൊരു ചിരിയായിരുന്നു മറുപടി. എര്‍പ്പെടുന്ന എല്ലാ മേഖലകളിലും ഒരേപോലെ ശോഭിക്കുവാനുള്ള സിദ്ധി കൃഷ്ണന്‍ കുട്ടിയേട്ടനില്‍ അന്തര്‍ലീനമായിരുന്നു. ലളിതവും അനായാസവുമായ അഭിനയം കൊണ്ട്‌ വീടുകളുടെ സ്വീകരണമുറികളില്‍ തന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ എളുപ്പം കഴിഞ്ഞു.

തിരുവനന്തപുരത്ത്‌ കുറച്ചുനാള്‍ കഴിയുംബോഴെക്കും മുണ്ടൂരിന്റെ വിളി കൃഷ്ണന്‍ കുട്ടിയേട്ടനെ തേടിയെത്തും. അങ്ങിനെ വന്നും പോയും പോയും വന്നും കൃഷ്ണന്‍ കുട്ടിയേട്ടന്‍ എഴുത്തും അഭിനയവും ഒരുമിച്ച്‌ കൊണ്ടുനടന്നു.

മുണ്ടൂരിനു കാവല്‍നില്‍ക്കുന്ന മലകളുടെ അദൃശ്യ ബന്ധനം മറ്റൊരു കഥയാക്കി, കധയില്‍ മാത്രൊ കേട്ടിട്ടുള്ള ലോകത്തേക്ക്‌ കൃഷ്ണന്‍ കുട്ടിയേട്ടന്‍ യാത്രയായി. എപ്പ്പോഴും പ്രസന്ന വിതറുന്ന വിടര്‍ന്ന ചിരിയും സൌമ്യഭാഷണങ്ങളും ഇനി ഓര്‍മ്മയില്‍ മാത്രം.

പതിഞ്ഞ നിറുത്തി നിറുത്തിയുള്ള സംസാരത്തിന്‌ പൂര്‍ണ്ണവിരാമമിട്ടുകൊണ്ട്‌ കൃഷ്ണന്‍ കുട്ടിയേട്ടന്‍ വാക്കുകളില്ലാത്ത ലോകത്തില്‍...
കഥയിഷ്ടപ്പെടുന്നവരെ തനിച്ചാക്കി കൃഷ്ണന്‍ കുട്ടിയേട്ടന്‍ എവിടെപ്പോവാന്‍?
ഇന്നുവരെ പറയാത്ത പുതിയ കഥകളുമായി നിര്‍ഞ്ഞു ചിരിച്ചുകൊണ്ട്‌ വീണ്ടും കൃഷ്ണന്‍ കുട്ടിയേട്ടന്‍ വരും, കണ്ണടക്കുമ്പോഴെല്ലാം മൂന്നാമതൊരാളുടെ അദൃശ്യ സാന്നിധ്യമായി...
പറയാതെ ബാക്കിയായ വാക്കുകാളല്‍ യാത്രാമൊഴി...
നിറമുള്ള ഓര്‍മ്മകള്‍ക്ക്‌ അര്‍ദ്ധ വിരാമം...

3 comments:

സങ്കുചിത മനസ്കന്‍ said...

:)

chithrakaran ചിത്രകാരന്‍ said...

:)

Murali Menon (മുരളി മേനോന്‍) said...

തന്റെ ബ്ലോഗ് സാന്നിദ്ധ്യം വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്.. അതുകൊണ്ട് പഴയ പോസ്റ്റുകള്‍ സൌകര്യപൂര്‍വ്വം വാ‍യിക്കുന്നു.

നന്നായി എഴുതിയിരിക്കുന്നു. കൃഷ്ണന്‍‌കുട്ടിയേട്ടനെ കുറിച്ച്, അങ്ങനെയൊരു അവസരത്തിലായിരുന്നുവെന്നു തോന്നുന്നു ഡോംബിവലിയിലെ വീട്ടില്‍ കൃഷ്ണന്‍‌കുട്ടിയേട്ടനുമായ് നമ്മളൊരുമിച്ച് കൂടിയത്... ഓര്‍മ്മയില്‍ ഇപ്പോഴും നിറഞ്ഞു നില്പുണ്ട് ഹൃസ്വമാണെങ്കിലും ആ കൂടിക്കാഴ്ച്ച