Wednesday, October 17, 2007

ഉറക്കം

സ്നേഹം
നദിപോലെ കുത്തിയൊലിച്ച്‌,
തടയില്ലാതെ
ഒഴുകിയ നാളില്‍
‍ഉറക്കം
സ്വപ്നങ്ങള്‍ക്ക്‌
വഴിമാറി.

വേര്‍പാട്‌
ഹൃദയം തുളച്ച്‌
പ്രണയം
വെറും ഓര്‍മ്മയായപ്പോള്‍
‍ഉറക്കം
വേദനക്കു വഴിമാറി.

താരാട്ടിനു പകരം
കഥകള്‍ പറഞ്ഞ്‌
നക്ഷത്രങ്ങള്‍
‍ഉറക്കം
തട്ടി അകറ്റി

പുലര്‍ച്ചെ
കിടക്കപ്പായില്‍
‍ഉണര്‍ന്നിരിക്കുമ്പോള്‍
നഷ്ടപെട്ട
ഉറക്കം
കണ്ണില്‍ കുത്തുന്നു

സ്വപ്നങ്ങളില്ലാതെ
വേദനയില്ലാതെ
വഴിതെറ്റാതെ
ഒരുരാത്രി
അതാണ്‌ എന്‍റ്റെ
ഇന്നത്തെ സ്വപ്നം.

കടപ്പാട്‌ : സ്വപ്നങ്ങളില്ലാത്ത ഒരു രാത്രി സ്വപ്നംകാണാന്‍ എന്നെ പ്രാപ്തനാക്കിയതിന്‌...,
തന്നെ നിരീശ്വരവാദിയാക്കാന്‍ ഭഗവാനോട്‌ കേണപേക്ഷിക്കുന്ന പിഷാരടിയെ എനിക്കു കാട്ടിത്തന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയോട്‌

12 comments:

ശ്രീ said...

സ്വപ്നങ്ങളില്ലാത്ത രാത്രിയെ സ്വപ്നം കാണുന്നവര്‍‌!!!
:)

സുല്‍ |Sul said...

"സ്വപ്നങ്ങളില്ലാതെ
വേദനയില്ലാതെ
വഴിതെറ്റാതെ
ഒരുരാത്രി
അതാണ്‌ എന്‍റ്റെ
ഇന്നത്തെ സ്വപ്നം."

ദാസ് നന്നായിരിക്കുന്നു വരികള്‍!
-സുല്‍

ദാസ്‌ said...

എല്ലാ രചനകളും ശ്രദ്ധയോടെ വായിച്ച്‌ അഭിപ്രായം പറയുന്നതിന്‌ 'ശ്രീ'ക്ക്‌ നന്ദി. സുല്‍-ല്ലിനും പ്രത്യേകം നന്ദി.

Murali K Menon said...

സ്വപ്നങ്ങളില്ലാതെന്തു ജീവിതം ദാസേ, സ്വപ്നങ്ങള്‍ മുഴുവന്‍ വേദനയും ആവില്ല. അതുകൊണ്ട് കൊച്ചു കൊച്ചു സ്വപ്നങ്ങളുണ്ടാവട്ടേയെന്നും അതൊക്കെ സാക്ഷാത്ക്കരിക്കാന്‍ ഈശ്വരകടാക്ഷമുണ്ടാവട്ടേ എന്നും ആശംസിച്ചുകൊണ്ട്
മുരളി

ദിലീപ് വിശ്വനാഥ് said...

സ്വപ്നം മനസ്സിന്റെ മരുന്നാണ്.

മയൂര said...

നല്ല വരികള്‍...

ദാസ്‌ said...

മുരളിജി,
സമാധാനമായിട്ടൊന്നുറങ്ങാന്‍ സമ്മതിക്കില്ല അല്ലേ? വേല മനസ്സിലിരിക്കട്ടെ.
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇഷ്ടായി..
ദാസ് പറയാതിരുന്ന ഒരു കാര്യം കൂടിയുണ്ട്,
സുന്ദര സ്വപ്നങ്ങള്‍ തന്ന മനസ്സിന്റെ നിറവ്.
..ആശംസകള്‍.

Murali K Menon said...

എന്റെ ദാസാ, ഉണര്‍ന്നിരിക്കുമ്പോഴാണു സമാധാനം വേണ്ടത്. ഉറങ്ങുമ്പോഴല്ല, (ഉറങ്ങിക്കിട്ടിക്കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെട്ടില്ലേ)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

താരാട്ടിനു പകരം
കഥകള്‍ പറഞ്ഞ്‌
നക്ഷത്രങ്ങള്‍
‍ഉറക്കം
തട്ടി അകറ്റി
നക്ഷത്രങ്ങള്‍ പറയുന്ന കഥകള്‍ കേള്‍ക്കനായി എത്ര ഉറക്കം കളഞ്ഞാലും അതൊരു നഷ്ടമേ അകുന്നില്ല. എത്ര ഉറങ്ങിയാലും ആ കഥ കേള്‍ക്കുന്ന സുഖം കിട്ടുമോ?

സ്നേഹതീരം said...

മനസ്സില്‍ തോന്നിയ ഒരു കുസൃതി ഞാനിപ്പോള്‍ പറയട്ടെ?
സ്വപ്നങ്ങള്‍ക്കൊരു കാലം
വേദനിക്കാനൊരു കാലം
ഉണര്‍ന്നിരിക്കാനൊരു കാലം
സുഖമായുറങ്ങാനുമൊരു കാലം
“എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട്, ദാസാ..”
(പ്രണയിക്കാന്‍ മാത്രം സമയം നോക്കേണ്ട.തന്റെ പ്രണയം മറ്റൊരാള്‍ക്കും വേദനയാവരുതെന്നു മാത്രം. പ്രണയമില്ലെങ്കില്‍ ജീവിതത്തിന് ജീവനില്ല. പ്രണയം പുസ്തകങ്ങളോടാവാം. സംഗീതത്തോടാവാം. വ്യക്തിയോടാവാം.സമൂഹത്തോടാവാം. സ്വന്തം പ്രണയത്തെ തിരിച്ചറിയുമ്പോഴാണ് ജീവിതത്തെ കൂടുതല്‍ സ്നേഹിക്കാനും ആസ്വദിക്കാനും കഴിയുക.)
ദാസന്റെ കവിത വായിച്ച് ഞാനൊരു ഫിലോസഫറായോ.....ന്നൊരു സംശയം!

Jayasree Lakshmy Kumar said...

അപ്പോഴും ഒരു സ്വപ്നം ബാക്കി. അങിനെ എന്തെങ്കിലുമൊക്കെ വേണ്ടേ ബാക്കി, നിരന്തരം തെക്കോട്ടൊഴുകുന്ന ജീവിതത്തിന് ഒരു കൂട്ടായി?